Big stories

യുഎസിനെ വിറപ്പിച്ച് ഹോര്‍മുസില്‍ സൈനികാഭ്യാസം; മിസൈല്‍ പദ്ധതി തകര്‍ക്കാനുള്ള യുഎസ് ശ്രമം തകര്‍ത്തെന്നും ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് ചരക്കുഗതാഗതം തടസ്സപ്പെടുത്തും എന്നതുള്‍പ്പെടെയുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ചാണ് ഇറാന്‍ മുങ്ങിക്കപ്പലുകളും വിമാനവാഹിനികളും ജലാതിര്‍ത്തിയില്‍ അഭ്യാസ പ്രകടനം നടത്തിയത്.

യുഎസിനെ വിറപ്പിച്ച് ഹോര്‍മുസില്‍ സൈനികാഭ്യാസം;  മിസൈല്‍ പദ്ധതി തകര്‍ക്കാനുള്ള യുഎസ് ശ്രമം തകര്‍ത്തെന്നും ഇറാന്‍
X

തെഹ്‌റാന്‍: ആണവക്കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും ഉപരോധം കൊണ്ട് പൊറുതിമുട്ടിക്കുകയും ചെയ്യുന്ന യുഎസുമായി കടുത്ത ഭിന്നത നിലനില്‍ക്കെ ട്രംപ് ഭരണകൂടത്തിന് താക്കീതായി ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ നാവികസേനയുടെ ശക്തിപ്രകടനം. നാവിക അഭ്യാസത്തിനിടെ ക്രൂയിസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചാണ് ഇറാന്‍ യുഎസിന് കനത്ത താക്കീത് നല്‍കിയത്.

ഇറാനെതിരായ ഉപരോധ നടപടികള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസ് നേതൃത്വത്തില്‍ യൂറോപ്പില്‍ കഴിഞ്ഞാഴ്ച യോഗം ചേര്‍ന്നിരുന്നു.ഹോര്‍മുസ് കടലിടുക്ക് ചരക്കുഗതാഗതം തടസ്സപ്പെടുത്തും എന്നതുള്‍പ്പെടെയുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ചാണ് ഇറാന്‍ മുങ്ങിക്കപ്പലുകളും വിമാനവാഹിനികളും ജലാതിര്‍ത്തിയില്‍ അഭ്യാസ പ്രകടനം നടത്തിയത്.

അന്താരാഷ്ട്ര കപ്പല്‍ പാതക്കരികിലാണ് ഇറാന്‍ മിസൈലുകള്‍ തീതുപ്പി ശക്തി പ്രകടിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തടഞ്ഞാല്‍ ലോക വ്യാപാരത്തെ ബാധിക്കും

കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈലുകളാണ് ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് ദിവസത്തെ നാവിക പ്രകടനത്തിനിടെ ആയിരുന്നു മിസൈല്‍ പരീക്ഷണം.ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞാല്‍ ലോകത്തെ ഒരു രാജ്യവും എണ്ണ കയറ്റുമതി ചെയ്യില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കന്നു. ഇറാനെതിരെ കഴിഞ്ഞ നവംബറില്‍ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക ചില ഇളവുകള്‍ നല്‍കിയിരുന്നു.

മിസൈലുകള്‍ കപ്പല്‍ നശിപ്പിക്കാനുള്ള ഹൃസ്വദൂര മിസൈലുകള്‍ ഇറാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പരീക്ഷിച്ചിരുന്നു. ഹോര്‍മുസില്‍ നാവിക സേനയുടെ പരിശീലനത്തിനിടെ ആയിരുന്നു പരീക്ഷണം. ഹോര്‍മുസില്‍ അമേരിക്കന്‍ കപ്പലുകളും റോന്തുചുറ്റുന്നുണ്ട്. ലോകത്തെ പല രാജ്യങ്ങളുടെയും കപ്പലുകള്‍ യാത്ര ചെയ്യുന്ന പാതയാണിത്.

ഇപ്പോള്‍ മൂന്ന് ദിവസത്തെ നാവികാഭ്യാസമാണ് ഹോര്‍മുസില്‍ നടന്നത്. മൂന്നാമത്തെ ദിവസമായ ഞായറാഴ്ച ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചു. വിദൂരത്തുള്ള കപ്പല്‍ പോലും നശിപ്പിക്കാന്‍ കഴിയുന്ന മിസൈലുകളാണ് പരീക്ഷിച്ചത്. കടല്‍ പാതയില്‍ ശക്തമായ സാന്നിധ്യമായി ഇറാന്‍ തുടരുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

100 കപ്പലുകളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഹോര്‍മുസ് കടലിടുക്ക് മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള ഭാഗത്തായിരുന്നു ഇറാന്‍ സൈന്യത്തിന്റെ അഭ്യാസങ്ങള്‍. രാജ്യത്തിന്റെ ശത്രുക്കളുടെ നീക്കം സംബന്ധിച്ച് വ്യക്തമായി തങ്ങള്‍ക്ക് അറിയാമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് കമാന്റര്‍ തസ്‌നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മിസൈല്‍ പദ്ധതി തകര്‍ക്കാനുള്ള യുഎസ് ശ്രമം തകര്‍ത്തു

നാവികാഭ്യാസത്തിനു പിന്നാലെ ഇറാന്‍ മിസൈല്‍ പദ്ധതിക്ക് കടിഞ്ഞാണിടാനുള്ള യുഎസ് പദ്ധതി തകര്‍ത്തെന്ന് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍ അറിയിച്ചു. ചില ഭാഗങ്ങള്‍ താറുമാറാക്കി മിസൈലുകളെ ലക്ഷ്യസ്ഥാനത്തെത്താന്‍ അനുവദിക്കാതെ ആകാശത്ത് വച്ച് പൊട്ടിത്തെറിപ്പിക്കാനായിരുന്നു ശത്രുക്കളുടെ പദ്ധതിയെന്ന് കമാന്റര്‍ പറഞ്ഞു. ശത്രുവിന്റെ ഈ നീക്കം മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ നിലയുറപ്പിച്ചതോടെ ശത്രുക്കളുടെ നീക്കം പരാജയപ്പെട്ടിരിക്കുന്നുവെന്ന് വിപ്ലവ ഗാര്‍ഡിലെ വ്യോമായുധ വിഭാഗം മേധാവി അമീറലി ഹജിസാദി പറയുന്നു. ഇറാന്‍ സൈന്യം നടത്തുന്ന പല പദ്ധതികളും അടുത്തിടെ പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it