Sub Lead

ഇത് ചരിത്രനിമിഷം; ഇറാനും അഫ്ഗാനുമിടയിലെ ആദ്യ റെയില്‍പാത യാഥാര്‍ത്ഥ്യമായി

85 കിലോമീറ്റര്‍ റെയില്‍പാത കൂടി വികസിപ്പിച്ച് അഫ്ഗാന്‍ നഗരമായ ഹെറാത്തുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത് മേഖലയിലുടനീളം വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രത്യാശിക്കുന്നത്.

ഇത് ചരിത്രനിമിഷം; ഇറാനും അഫ്ഗാനുമിടയിലെ ആദ്യ റെയില്‍പാത യാഥാര്‍ത്ഥ്യമായി
X

തെഹ്‌റാന്‍: ഇറാനും അഫ്ഗാനുമിടയിലെ ആദ്യ റെയില്‍പാത ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ ഇറാനെയും പടിഞ്ഞാറന്‍ അഫ്ഗാനെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള 140 കിലോമീറ്റര്‍ നീളംവരുന്ന പാതയാണ് ഇറാനിലെയും അഫ്ഗാനിലെയും നേതാക്കള്‍ ഉദ്ഘാടനം ചെയ്തത്. 85 കിലോമീറ്റര്‍ റെയില്‍പാത കൂടി വികസിപ്പിച്ച് അഫ്ഗാന്‍ നഗരമായ ഹെറാത്തുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത് മേഖലയിലുടനീളം വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രത്യാശിക്കുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അടിസ്ഥാന സൗകര്യവികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഭൂപ്രദേശത്തിന് ഗതാഗത സൗകര്യവികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതാണ് പദ്ധതി. അഫ്ഗാനിസ്ഥാനുള്ള വികസന സഹായത്തിന്റെ ഭാഗമായി അതിര്‍ത്തിയുടെ ഇരുവശങ്ങളിലേയും നിര്‍മാണത്തിന് ഇറാനാണ് ധനസഹായം നല്‍കിയത്. 2007 ലാണ് 75 മില്യണ്‍ ഡോളര്‍ പദ്ധതി ആരംഭിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിവസങ്ങളിലൊന്നാണെന്നാണ് ഇതിനെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ച ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വിശേഷിപ്പിച്ചത്. ലോകശക്തികളുമായുള്ള ഇറാന്റെ 2015 ലെ ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതിന് ശേഷം ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഇറാന്‍ ഈ പാത നിര്‍മ്മിക്കുന്നതില്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു. മുഴുവന്‍ നിര്‍മാണ ചെലവും വഹിച്ചത് ഇറാനാണ്.

പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലെ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിയാണ് ഈ പാത തുറന്നത്. കൂടാതെ, അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാന്‍ വഴി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചരക്ക് ഗതാഗതവും സാധ്യമാകും.

Next Story

RELATED STORIES

Share it