Sub Lead

അന്തര്‍ദേശീയ കയാക്കിങ് മത്സരം തുഷാരഗിരിയില്‍; 20 വിദേശ രാജ്യങ്ങളില്‍ നിന്ന് ടീമുകള്‍

അന്തര്‍ദേശീയ കയാക്കിങ് മത്സരം തുഷാരഗിരിയില്‍; 20 വിദേശ രാജ്യങ്ങളില്‍ നിന്ന് ടീമുകള്‍
X

കോഴിക്കോട്: ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ കേരളം സാഹസിക ടൂറിസം മേഖലയ്ക്ക് ഏറെ അനുയോജ്യമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പിലെ ഇടപെടലുകളും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തവും സാഹസിക ടൂറിസം മേഖലയെ പുതിയ മാനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ കയാക്കിങ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുയായിരുന്നു മന്ത്രി.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം നടത്തുക.

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്‌ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. 20 വിദേശ രാജ്യങ്ങളില്‍ നിന്നായി നൂറില്‍പ്പരം അന്തര്‍ദേശീയ കലാകാരന്മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഇരുന്നൂറില്‍പ്പരം ദേശീയ കയാക്കര്‍മാരെയും പങ്കെടുപ്പിക്കും. കേരളത്തില്‍ നിന്നുള്ള താരങ്ങളും മഴ മഹോത്സവത്തില്‍ മാറ്റുരയ്ക്കും.

രണ്ടുവര്‍ഷത്തിനു ശേഷം സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സാങ്കേതിക നിര്‍വ്വഹണം വഹിക്കുന്നത് ഇന്ത്യന്‍ കയാക്കിങ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക വിദഗ്ധരാണ്. നേപ്പാളില്‍ നിന്നുള്ള ഇനിഷ്യേറ്റീവ് ഔട്ട്‌ഡോര്‍ ടീമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്. കാശ്മീരില്‍ നിന്നുള്ള എല്‍ജ് ടൈമിംഗ് സമയനിയന്ത്രണത്തിന്റെ ചുമതല വഹിക്കും. മഴ മഹോത്സവത്തിന്റെ നടത്തിപ്പിനായി ടൂറിസം വകുപ്പ് മന്ത്രി മുഖ്യരക്ഷാധികാരിയായ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും 12 സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കും.

Next Story

RELATED STORIES

Share it