Sub Lead

തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും; 'ഇന്ത്യ'ക്ക് 14 അംഗ ഏകോപനസമിതിയായി

തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടും; ഇന്ത്യക്ക് 14 അംഗ ഏകോപനസമിതിയായി
X

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന് ഏകോപനസമിതിയില്‍ തീരുമാനമായി. മുംബൈയില്‍ നടന്ന ദ്വിദിന യോഗത്തിലാണ് 14 അംഗ സമിതിയെ നിശ്ചയിച്ചചത്. ഇതില്‍ വിവിധ പാര്‍ട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു. സിപിഎം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച പ്രമേയവും യോഗം പാസ്സാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഡിഎംകെ എംപി ടി ആര്‍ ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുക്തിമോര്‍്ച്ച നേതാവ് ഹേമന്ത് സോറന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, എഎപി നേതാവ് രാഘവ് ഛദ്ദ, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ജെഡിയു നേതാവ് ലല്ലന്‍ സിങ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. എന്നാല്‍, സോണിയയും രാഹുലും ഉള്‍പ്പെടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും സമിതിയില്‍ ഇല്ല.

2024ലെ തിരഞ്ഞെടുപ്പ് പറ്റാവുന്നിടത്തോളം ഒന്നിച്ചുനേരിടുമെന്നാണ് പ്രമേയത്തിലുള്ളത്. ഇതുസംബന്ധിച്ച സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പരസ്പര ധാരണയിലൂടെയും സമവായത്തിലൂടെയും പരമാവധി വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ഈമാസം അവസാനത്തോടെ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ കുറിച്ചും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തും. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നാണ് സഖ്യത്തിന്റെ മുദ്രാവാക്യം. യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മമതാ ബാനര്‍ജി പൊന്നാടയണിച്ചു.

അതിനിടെ, പ്രതിപക്ഷ സഖ്യത്തിലെ ഐക്യം ശക്തമാവുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വര്‍ധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാവും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബംഗാളിലും ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും റെയ്ഡുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക ക്ഷണം ലഭിക്കാതിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗസ്ഥലത്ത് എത്തിയതിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എതിര്‍ത്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് കെ സി വേണുഗോപാലിനെ അനുനയിപ്പിച്ചെന്നും കപില്‍ സിബലിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ഗാന്ധിക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. യോഗശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോയിലും കപില്‍ സിബല്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it