Top

ഇന്ത്യന്‍ ലീഗ് ഫുട്‌ബോള്‍: ഫിഫയുടെ നിര്‍ദ്ദേശം എഐഎഫ്എഫ് പാലിക്കുമോ?

ലോക ഫുട്‌ബോളില്‍ രണ്ട് ലീഗ് ചാംപ്യന്‍ഷിപ്പ് നടത്തുന്ന അപൂര്‍വം രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ചാംപ്യന്‍ഷിപ്പ് മാത്രം നടത്തിയാല്‍ മതിയെന്ന് നേരത്തെ ഫിഫ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഐഎസ്എല്‍ ഐലീഗിനെ വിഴുങ്ങാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ഇന്ത്യന്‍ ലീഗ് ഫുട്‌ബോള്‍: ഫിഫയുടെ നിര്‍ദ്ദേശം എഐഎഫ്എഫ് പാലിക്കുമോ?

ടി പി ജലാല്‍

ഇന്ത്യന്‍ ലീഗ് ഫുട്‌ബോളില്‍ ഇനി മുതല്‍ ഐinഎസ്എലോ, ഐലീഗോ? ഈ ചോദ്യമാണ് അവസാനമായി ഫിഫയുടെ ഇടപെടലിലൂടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ലോക ഫുട്‌ബോളില്‍ രണ്ട് ലീഗ് ചാംപ്യന്‍ഷിപ്പ് നടത്തുന്ന അപൂര്‍വം രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ചാംപ്യന്‍ഷിപ്പ് മാത്രം നടത്തിയാല്‍ മതിയെന്ന് നേരത്തെ ഫിഫ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഐഎസ്എല്‍ ഐലീഗിനെ വിഴുങ്ങാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിന് ഐഎംജി-റിലയന്‍സ് ചുക്കാന്‍പിടിക്കുന്നുണ്ട്. ഇതിന്റെ സൂചനയാണ് കഴിഞ്ഞ മാസം ഐലീഗ് ടീമുകളിലെ പ്രബല വിഭാഗം ഫിഫക്ക് പരാതി സമര്‍പ്പിച്ചതിലൂടെ വ്യക്തമാവുന്നത്. അതില്‍ എഐഎഫ്എഫും പ്രതിയാണെന്നതാണ് ഫുട്്‌ബോള്‍ ലീഗുകള്‍ സംഘടിപ്പിക്കുന്നതിലെ അപാകത വെളിപ്പെടുന്നത്.

ഗോകുലം കേരള എഫ്‌സി, മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഐസ്വാള്‍ എഫ്‌സി, മിനര്‍വ്വ പഞ്ചാബ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ആറു ടീമുകളാണ് പരാതി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ സമൂലമായ മാറ്റം വരുത്തുമെന്ന ഖ്യാതിയോടെ കൊട്ടിഘോഷിച്ച് 2013ല്‍ ആരംഭം കുറിച്ചതാണ് ഐഎസ്എല്‍. ഇതിനായി 2010ല്‍ 700 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. മാര്‍ക്കറ്റിംഗിനായി റിലയന്‍സും സ്റ്റാര്‍ കമ്പനിയും സംയുക്തമായി എഫ്എസ്ഡിഎല്‍(ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ്) എന്ന പേരില്‍ കമ്പനി രൂപീകരിച്ചു. ഐലീഗിനെ ഐഎസ്എലില്‍ ലയിപ്പിച്ച് ഇന്ത്യന്‍ഫുട്‌ബോളിന്റെ ചരട് തങ്ങളിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം.എന്നാല്‍ തുടക്കത്തില്‍ തന്ത്രങ്ങളെല്ലാം കാര്യമായി വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ എഎഫ്‌സി കപ്പില്‍ പിടിമുറുക്കിയത്. നിലവിലെ നിയമമനുസരിച്ച് ഐലീഗ് ക്ലബ്ബ് ചാംപ്യന്മാര്‍ക്കാണ് അര്‍ഹത. ഇത് ഇത്തവണ ഐഎസ്എല്‍ ടീമിന് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് ഐലീഗ് ക്ലബ്ബുകള്‍ ഫിഫയെ സമീപിച്ചത്.

ഐഎസ്എലിന് എഎഫ്‌സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു കൊണ്ട് ഇവരോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് കണ്ടാണ് ഐലീഗ് ടീമുകള്‍ ഫുട്‌ബോളിന്റെ പിതാവായ ഫിഫയോട് തന്നെ പരാതിപ്പെട്ടത്. ഇത്തവണ ഐലീഗ് ചാംപ്യന്മാരുടെ ഒരു കോടി രൂപ പ്രതിഫലം തുടക്കത്തില്‍ നല്‍കിയിരുന്നില്ല. പണം സ്‌പോണ്‍സര്‍മാര്‍ നല്‍കിയില്ലെന്നായിരുന്നു ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഐലീഗ് ക്ലബ്ബുകളോടുള്ള പ്രതികാരം തീര്‍ക്കലാണെന്ന് പരാതി ഉയര്‍ന്നതോടെ പിന്നീട് നല്‍കി. രണ്ട് ചാംപ്യന്‍ഷിപ്പുകളേയും യോജിപ്പിച്ചു സംഘടിപ്പിച്ച സൂപ്പര്‍ കപ്പും ഐലീഗ് ടീമുകള്‍ അവഗണിച്ചതും ഇവര്‍ തമ്മിലുള്ള വൈരം വര്‍ധിപ്പിച്ചിട്ടുണ്ട്. സുപ്പര്‍ കപ്പിന്റെ ആദ്യഫൈനല്‍ കണ്ടത് 9500 പേരായിരുന്നു. എന്നാല്‍ അവസാനം നടന്നത് 1500 പേരുടെ മുന്നിലായിരുന്നു.

ഐഎസ്എല്‍-ഐലീഗ് താരതമ്യം ചെയ്യുമ്പോള്‍

ഐഎസ്എലിന്റെ ആദ്യസീസണ്‍ 2014ലാണ് ആരംഭിച്ചത്. ആദ്യ മൂന്നു സീസണുകളിലും വന്‍ വിജയമായിരുന്നെങ്കിലും അവസാന രണ്ട് സീണുകളിലും കാര്യമായ വിജയം കൈവരിക്കാനായിട്ടില്ല. ഐഎസ്എല്‍ കൂടുതല്‍ വിജയിപ്പിച്ചെടുത്തിരുന്നത് കൊച്ചി സ്റ്റേഡിയമായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു സീസണിലെ നിറം മങ്ങിയ പ്രകടനം തിരിച്ചടിയായി. ഫിഫയുടെ അംഗീകാരത്തോടെ 2007ല്‍ നാഷനല്‍ ലീഗായും പിന്നീട് 2009 മുതല്‍ ഐലീഗായുമാണ് സംഘടിപ്പിച്ചുവരുന്നത്. ഏറ്റവും കൂടുതല്‍ കാണികള്‍ ഐസ്എലിന് അവകാശപ്പെട്ടതാണ്.2015ല്‍ എടികെ-ചെന്നൈയിന്‍ എഫ്‌സി മത്സരം വീക്ഷിച്ചത് 74,258 പേരാണ്. 69340 പേര്‍ കണ്ട ചെന്നൈയിന്‍- ബ്ലാസ്റ്റേഴ്‌സ് മത്സരം രണ്ടാം സ്ഥാനത്താണ്. ഇതിന് 2015 വരെയേ ആയുസുണ്ടായുള്ളൂ. ശേഷം ഐലീഗ് മുന്നിലെത്തിയിരിക്കുകയാണ്. ഐലീഗിലെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയില്‍ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ ഒഴുകിയെത്തിയത് 64,867 പേരാണ്. അതേസമയം, ഐഎസ്എല്‍ ഫൈനല്‍ പോലും 54,146 പേരാണ് കണ്ടത്. മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ ഐഎസ്എലില്‍ കൂടുതല്‍ കാണികളെത്തിയത് സപ്തംബര്‍ 29ന് നടന്ന എടികെ -കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലായിരുന്നു. 41,202 പേര്‍. ശരാശരിയില്‍ ഐഎസ്എല്‍ മുന്നിലാണെന്ന് ആശ്വസിക്കാം.

13,155 പേരാണ് ഒരു മത്സരത്തിനെത്തിയ കാണികള്‍. ഐലീഗില്‍ ഇത് 10,223 പേരാണ്. ഐഎസ്എല്‍ ആദ്യ ഫൈനലില്‍ 36,484 പേരായും പിന്നീട് 25,753 ആയും 18477 ആയും കുറഞ്ഞു. അവസാനത്തെ ഫൈനല്‍ മുംബൈയില്‍ നടന്നത് വെറും 7,372 പേരുടെ മുന്നിലായിരുന്നു. രാജ്യത്ത് നിലവില്‍ ഫിഫയുടെ ഔദ്യോഗിക ലീഗ് ചാംപ്യന്‍ഷിപ്പായ ഐലീഗാണോ അതോ ഐഎംജി-റിലയന്‍സ് ആരംഭിച്ച ഐഎസ്എല്‍ ആണോ ഇന്ത്യയുടെ പ്രീമിയര്‍ ലീഗാവുക എന്ന ചോദ്യത്തിന് എങ്ങിനെ ഉത്തരം കണ്ടെത്തുമെന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെപ്പോലെ തന്നെ എഐഎഫ്എഫും ആശങ്കയിലാണ്. ശരാശരി കാഴ്ചക്കാരുള്ള ഐലീഗോ, കൂടുതല്‍ പ്രചാരം ലഭിച്ച ഐഎസ്എലോ ആദ്യം കുഴിമാടത്തിലെത്തുക? ഫിഫയുടെ നിര്‍ദ്ദേശം എത്രയും പെട്ടെന്ന് എഐഎഫ്എഫ് പരിഹരിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.

Next Story

RELATED STORIES

Share it