Sub Lead

'ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കും'; ഗവര്‍ണറുടെ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഹബീബ്

ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കും; ഗവര്‍ണറുടെ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഹബീബ്
X

കണ്ണൂര്‍: രാഷ്ട്രീയം മാറ്റിനിര്‍ത്തി ചരിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാവില്ലെന്ന് ചരിത്രകാരന്‍ പ്രഫ. ഇര്‍ഫാന്‍ ഹബീബ്. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറുടെ വിവാദപ്രസംഗത്തെതുടര്‍ന്നുണ്ടായ പ്രതിനിധികളുടെ പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ലെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്.കശ്മീരിലേതുപോലെ എല്ലായിടത്തും ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് ശ്രമം. അതാണ് ബിജെപിയുടെ നയം. ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യഭാഷണത്തിലും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള കശ്മീര്‍ സംസ്ഥാനം കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. ആയിരക്കണക്കിനാളുകളെ വിചാരണ കൂടാതെ തുറങ്കിലടച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കി. അക്കാദമിക് മേഖല നിശ്ചലമായി. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലിട്ടിരിക്കുകയാണ്.

ഹിന്ദുത്വ രേഖകളെ നശിപ്പിക്കുന്ന ചിതലുകളെയാണ് തിരയുന്നതെന്നാണ് അവര്‍ പറയുന്നത്. അതിന്റെപേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്ക് അതിരുകളില്ല. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയാവുകയാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച ഏക അക്കാദമിക് ബോഡി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസാണെന്നും പ്രതിനിധികളുടെ കരഘോഷത്തിനിടെ ഇര്‍ഫാന്‍ ഹബീബ് ഓര്‍മപ്പെടുത്തി.

ചരിത്ര കോണ്‍ഗ്രസില്‍ ഇര്‍ഫാന്‍ ഹബീബ് ബലമായി തന്നെ തടയാന്‍ ശ്രമിച്ചെന്നും ഇതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. അഭിപ്രായവ്യത്യാസങ്ങളോട് വേദിയിലുള്ളവര്‍ക്ക് അസഹിഷ്ണുതയാണെന്നും ഗവര്‍ണര്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ ആരോപണം. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധസ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it