Big stories

യുഎന്നില്‍ മനുഷ്യാവകാശ സംഘടനകള്‍ക്കെതിരേ ചൈനയ്‌ക്കൊപ്പം വോട്ടുചെയ്ത് ഇന്ത്യയും

യുഎന്നില്‍ മനുഷ്യാവകാശ സംഘടനകള്‍ക്കെതിരേ ചൈനയ്‌ക്കൊപ്പം വോട്ടുചെയ്ത് ഇന്ത്യയും
X

ന്യൂയോര്‍ക്ക്: യുഎന്‍ എക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലില്‍ ആറ് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് യുഎസ് അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരേ വോട്ടുചെയ്ത് ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ എന്‍ജിഒ കമ്മിറ്റിയില്‍ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന ആറ് മനുഷ്യാവകാശ ഗ്രൂപ്പുകളാണിവ. 54 അംഗ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തില്‍ 203 ഗ്രൂപ്പുകളെ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസിനായി ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, വിക്കിമീഡിയ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാരിതര സംഘടനകളെക്കൂടി യുഎസ് നിര്‍ദേശിച്ച കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ചൈന, ഇന്ത്യ, കസാഖിസ്താന്‍, നികരാഗ്വ, നൈജീരിയ, റഷ്യ, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 18 രാജ്യങ്ങള്‍ വിട്ടുനിന്നു. തുടര്‍ന്ന് 23 വോട്ടിന് പ്രമേയം അംഗീകരിക്കപ്പെട്ടു. യുഎസ് പ്രതിനിധി അവതരിപ്പിച്ച കരട് പ്രമേയം കൗണ്‍സിലില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

ഡയകോണിയ, ഇനിമോയിന്‍ഗ്വിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ദേശീയ മനുഷ്യാവകാശ സിവിക് അസോസിയേഷന്‍ 'ബെലാറഷ്യന്‍ ഹെല്‍സിങ്കി കമ്മിറ്റി, നോണ്‍ സെ പേസ് സെന്‍സ ഗിയസ്റ്റിസിയ, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി ഫൗണ്ടേഷന്‍, വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്നിവ കണ്‍സള്‍ട്ടേറ്റീവ് പദവി സംഘടനകളില്‍പ്പെടുന്നു. ഈ സംഘടനകള്‍ സര്‍ക്കാരിതര പദവി ലഭിക്കാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണെന്നും സര്‍ക്കാരിതര സംഘടനകള്‍ക്കായുള്ള കമ്മിറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉത്തരം നല്‍കിയിട്ടുണ്ടെന്നും യുഎസ് പ്രതിനിധി വിശദീകരിച്ചു.

ഭേദഗതി ചെയ്ത പ്രമേയത്തെ പിന്തുണയ്ക്കുന്നവര്‍ ഐക്യരാഷ്ട്രസഭയില്‍ സ്വന്തം നിലപാടില്‍ തുടരാനുള്ള ആറ് സംഘടനകളുടെ അവകാശത്തെ പിന്തുണച്ചു. എന്നാല്‍, ചിലര്‍ ആ സംഘടനകള്‍ക്ക് രാഷ്ട്രീയമുള്ളതായി കുറ്റപ്പെടുത്തി. ചില സംഘടനകള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി ഇസ്രയേലും ചൂണ്ടിക്കാട്ടി. എന്നാല്‍, ആറ് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് യുഎന്‍ അക്രഡിറ്റേഷന്‍ നല്‍കാനുള്ള തീരുമാനം ശരിയായ ചുവടുവയ്പ്പാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ യുഎന്‍ ഡയറക്ടര്‍ ലൂയിസ് ചാര്‍ബോണോ പ്രസ്താവനയില്‍ പറഞ്ഞു.

'റഷ്യയും ചൈനയും മറ്റ് ചില ഗവണ്‍മെന്റുകളും വര്‍ഷങ്ങളായി അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന നൂറുകണക്കിന് സംഘടനകളുടെ ഒരുഭാഗം മാത്രമാണ് ഇത്. അവകാശങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങള്‍ സര്‍ക്കാരിതര സംഘടനകള്‍ക്കുള്ള യുഎന്‍ അക്രഡിറ്റേഷന്‍ പ്രക്രിയയുടെ അടിയന്തര പുനപ്പരിശോധനയ്ക്ക് ശ്രമിക്കണം. യുഎന്നിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണം- ലൂയിസ് ചാര്‍ബോണോ പറഞ്ഞു. കൗണ്‍സിലില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്ന സമീപനത്തെ പല രാജ്യങ്ങളും വിമര്‍ശിച്ചു. ഇത് കമ്മിറ്റിയെ മറികടക്കാനുള്ള തന്ത്രമാണെന്നായിരുന്നു അവരുടെ നിലപാട്.

Next Story

RELATED STORIES

Share it