മഴയും ഇന്ത്യയും കളിച്ചു; പാകിസ്താനെതിരേ 89 റണ്‍സ് ജയം

മഴയും ഇന്ത്യയും കളിച്ചു; പാകിസ്താനെതിരേ 89 റണ്‍സ് ജയം

ഓള്‍ഡ് ട്രാഫോഡ്; രണ്ടു തവണ മഴ വില്ലാനായെങ്കിലും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് മഴനീങ്ങിയപ്പോള്‍ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ജയം ഇന്ത്യയ്‌ക്കൊപ്പം. ഡക്ക് വര്‍ത്ത്് ലൂയിസ് നിയമപ്രകാരം ഇന്ത്യ 89 റണ്‍സിന്റെ ജയമാണ് നേടിയത്. 34ാം ഓവറില്‍ മഴയെ തുടര്‍ന്ന് പാകിസ്താന്റെ ലക്ഷ്യം 30 പന്തില്‍ 136 റണ്‍സാക്കി ചുരുക്കി (40 ഓവറില്‍ 302 റണ്‍സ്). 34ാം ഓവറില്‍ ആറിന് 166 എന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളൂ. ഫാഖിര്‍(62), ബാബര്‍(48) എന്നിവര്‍ക്ക് മാത്രമേ അല്‍പ്പമെങ്കിലും ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത ്. മധ്യനിര താരം വസീം(46 )പുറത്താവാതെ നിന്നു. ഫോമിലെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത് അവസാനം വരെ നിലനിര്‍ത്തികൊണ്ടുവരാന്‍ കഴിയാത്തതും പാകിസ്താന് തിരിച്ചടിയായി. പുതുമുഖ താരം വിജയ് ശങ്കറാണ് പാകിസ്താന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഇമാമിനെയാണ്(7) പാകിസ്താന് ആദ്യം നഷ്ടമായത്. 13ന് ഒന്ന് എന്ന നിലയിലുള്ള പാകിസ്താന്‍ പിന്നീട് മികച്ച ബാറ്റിങ് കാഴ്ചവച്ചു സ്‌കോര്‍ 117ല്‍ എത്തിച്ചു.117 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്റെ രണ്ടാം വിക്കറ്റ് നഷ്ടമായത്. ബാബറിന്റെ വിക്കറ്റ് കേദര്‍ ജാദവിനായിരുന്നു. തുടര്‍ന്ന് ഞൊടിയിടയിലാണ് പാക് ബാറ്റിങ് തകര്‍ന്നത്. ഇതിനിടയില്‍ 34ാം ഓവറില്‍ വീണ്ടും മഴ വില്ലനായപ്പോഴാണ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം കുറച്ചത്. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കേദര്‍ ജാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി (140)യും കെ എല്‍ രാഹുല്‍(57), കോഹ്‌ലി(77) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെയും മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. 46.4 ഓവറില്‍ മഴ മല്‍സരം തടസ്സപ്പെടുത്തിയിരുന്നു. പാക് താരം ആമിര്‍ മൂന്ന് വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി റെക്കോഡുകള്‍ തിരുത്തിയ ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലായിരുന്നു ഇന്ന് ഓപ്പണ്‍ ചെയ്തത്. പകരം ടീമിലെത്തിയത് വിജയ് ശങ്കറായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.


RELATED STORIES

Share it
Top