Sub Lead

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകളില്‍നിന്ന് 65 കോടി ഈടാക്കി

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടുകളില്‍നിന്ന് 65 കോടി ഈടാക്കി
X

ന്യൂഡല്‍ഹി: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മരവിപ്പിച്ച കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നു 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കി. ആദായ നികുതി കുടിശ്ശികയുള്ള 115 കോടി രൂപയിലേക്കെന്നു പറഞ്ഞാണ് 65 കോടി രൂപ ഈടാക്കിയത്. അക്കൗണ്ടുകളുടെ ചാര്‍ജുകള്‍, കടങ്ങള്‍ എന്നിവ തിരിച്ചെടുക്കുന്ന ലീന്‍ എന്ന നടപടി പ്രകാരമാണ് നടപടിയെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച കാട്ടിയെന്നു പറഞ്ഞാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരപ്പിച്ചത്. ആദായ നികുതി അപ്പീല്‍ ട്രൈബ്യൂണലില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിനു ശേഷം അക്കൗണ്ടുകള്‍ പൂര്‍വ സ്ഥിതിയിലാക്കുകയും ഇടപാടുകള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി ഈടാക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 210 കോടി രൂപ ഈടാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കോണ്‍ഗ്രസ് ഖജാഞ്ചി അജയ് മാക്കനാണ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതായപ്പോഴാണ് ഇക്കാര്യം കോണ്‍ഗ്രസ് അറിഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയും, ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രധാനപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മുന്നറിയിപ്പില്ലാതെ മരവിപ്പിച്ചത്.

Next Story

RELATED STORIES

Share it