Sub Lead

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ കരുക്കള്‍നീക്കി പനീര്‍സെല്‍വം; എഐഎഡിഎംകെയില്‍ പൊട്ടിത്തെറി

ഉപ മുഖ്യമന്ത്രിയായ ഒ പനീര്‍സെല്‍വത്തെ 2021ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ കരുക്കള്‍നീക്കി പനീര്‍സെല്‍വം;   എഐഎഡിഎംകെയില്‍ പൊട്ടിത്തെറി
X

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്‍പത് മാസം മാത്രം ശേഷിക്കെ ഭരണ കക്ഷിയായ എഐഎഡിഎംകെയില്‍ പൊട്ടിത്തെറി. ഉപ മുഖ്യമന്ത്രിയായ ഒ പനീര്‍സെല്‍വത്തെ 2021ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തത്.പനീര്‍സെല്‍വത്തിന്റെ ജന്മനാടായ തേനിയിലാണ് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 2021CMforOPS എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്ററുകളില്‍ ഒപിഎസ് ജനങ്ങളുടെ മുഖ്യമന്ത്രി എന്നും അച്ചടിച്ചിരുന്നു.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒ പനീര്‍സെല്‍വത്തിന്റേയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും വീടുകളിലേക്ക് തമിഴ്‌നാട്ടിലെ മുതിര്‍ന്ന മന്ത്രിമാരില്‍ പലരും എത്തുകയും ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തു. പോസ്റ്ററുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ രാവിലെ 11ഓടെ മുതിര്‍ന്ന മന്ത്രിമാര്‍ പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തി. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നീങ്ങി. അവിടെ അരമണിക്കൂര്‍ ചര്‍ച്ച. തിരിച്ച് വീണ്ടും ഒരു സംഘം മന്ത്രിമാര്‍ പനീര്‍സെല്‍വത്തിന്റെ വസതിയിലേക്കെത്തി. അതേ സമയം പരസ്യ പ്രതികരണത്തിന് മന്ത്രിമാര്‍ ആരും തയ്യാറായില്ല.

അതിനിടെ വൈകീട്ടോടെ പനീര്‍സെല്‍വവും പളനിസ്വാമിയും സംയുക്ത പ്രസ്താവനയിറക്കി. നയപരമായ എല്ലാ തീരുമാനങ്ങളും ജനാധിപത്യപരമായി എടുക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നേരത്തെ മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്ന മന്ത്രി കെ സെല്ലൂര്‍ രാജുവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഭിന്നത രൂപപ്പെട്ടത്. പളനിസ്വാമിയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് മന്ത്രി കെടി രാജേന്ദ്ര ബാലാജി ഇതിനോട് പ്രതികരിച്ചത്.

അഴിമതി കേസിനെ തുടര്‍ന്ന് രണ്ട് തവണ സ്ഥാനമൊഴിഞ്ഞപ്പോഴും ജയലളിത പനീര്‍സെല്‍വത്തെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നത്. ജയലളിതയുടെ മരണ ശേഷവും പനീര്‍സെല്‍വം മുഖ്യമന്ത്രിയായി. പിന്നീട് ശശികല പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും തുടര്‍ന്നുണ്ടായ നാടകീയ നീക്കങ്ങളും പാര്‍ട്ടിയിലെ പൊട്ടിത്തെറിയും മുഖ്യമന്ത്രി പദം പളനിസ്വാമിയിലേക്കെത്തിച്ചു.വിമതനായി മാറിയ പനീര്‍സെല്‍വം ശശികല ജയിലിലായതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയും തുടര്‍ന്ന് പളനിസ്വാമിയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.

Next Story

RELATED STORIES

Share it