Sub Lead

നടപടിയെടുക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു; വ്യോമാക്രമണത്തെ ന്യായീകരിച്ച് സുഷമ

സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കില്ലെന്നറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.

നടപടിയെടുക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു;  വ്യോമാക്രമണത്തെ ന്യായീകരിച്ച് സുഷമ
X

ബെയ്ജിങ്: പാകിസ്താനുമായുള്ള ഭിന്നത കൂടുതല്‍ വഷളാക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ചൊവ്വാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനിക നടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്ന ജയ്‌ഷെ ക്യാംപുകളായിരുന്നു ഇന്ത്യ ലക്ഷ്യംവച്ചത്. ചൈനയിലെ വൂഷാനില്‍, പതിനാറാമത് റഷ്യ, ഇന്ത്യ, ചൈന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് സുഷമ ഇക്കാര്യം പറഞ്ഞത്.

സായുധസംഘങ്ങള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കില്ലെന്നറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു.

സായുധസംഘങ്ങള്‍ക്കെതിരേ രാജ്യങ്ങള്‍ സഹിഷ്ണുത പുലര്‍ത്താതിരിക്കേണ്ടതിന്റെയും ഉറച്ച നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെയും ഓര്‍മപ്പെടുത്തലാണ് പുല്‍വാമയിലേതു പോലുള്ള ആക്രമണമെന്നും സുഷമ പറഞ്ഞു. പുല്‍വാമ ആക്രമണത്തിനു ശേഷം ജയ്‌ഷെ മുഹമ്മദിനെതിരേ നടപടി സ്വീകരിക്കാത്ത പാകിസ്താനെ സുഷമ വിമര്‍ശിച്ചു.


പുല്‍വാമ സംഭവത്തിനു പിന്നാലെ അന്താരാഷ്ട്രതലത്തിലുയര്‍ന്ന ആഹ്വാനങ്ങളുടെ അടിസ്ഥാനത്തില്‍ ജയ്‌ഷെ മുഹമ്മദിനും മറ്റു സായുധസംഘടനകള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. ജയ്‌ഷെ നേതാവ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്നും സുഷമ ചൈനയോട് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്.

പുല്‍വാമ ആക്രമണത്തിനും വ്യോമാക്രമണത്തിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിക്കുമിടെയാണ് ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ച. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയുമായി ചൈനയിലെ വുജെനില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. 16മത് റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യമന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് ചൈനയിലെത്തിയത്. റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും സുഷമ സ്വരാജ് ചര്‍ച്ച നടത്തും.

Next Story

RELATED STORIES

Share it