Top

കൊവിഡ്: രാജ്യത്ത് പത്തില്‍ ഒമ്പത് പേര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്ന് എന്‍സിഎച്ച്ആര്‍ഒ സര്‍വേ

മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്രം പരാജയമെന്ന് 77 ശതമാനം പേര്‍

കൊവിഡ്: രാജ്യത്ത് പത്തില്‍ ഒമ്പത് പേര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്ന് എന്‍സിഎച്ച്ആര്‍ഒ  സര്‍വേ
X

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ രാജ്യത്ത് സാമ്പത്തിക ഞെരുക്കവും ആരോഗ്യ ആശങ്കയും വര്‍ധിച്ചതായി എന്‍സിഎച്ച്ആര്‍ഒ(ദേശീയ മനുഷ്യാവകാശ ഏകോപന സമിതി) നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ പത്തില്‍ ഒമ്പത് പേരും സാമ്പത്തിക ഞെരുക്കം നേരിടുന്നതായി സര്‍വേയില്‍ പങ്കെടുത്തവരില്‍ 85% പേര്‍ അഭിപ്രായപ്പെട്ടു. താഴ്ന്ന വരുമാനക്കാരുടെ ജീവിതത്തെയാണ് കൊവിഡ് സാരമായി ബാധിച്ചത്.


30% പേര്‍ക്കും കഴിഞ്ഞ മാസം ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പരമ്പരാഗത ജോലികള്‍ നഷ്ടപ്പെട്ടതിനാല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഉപജീവനത്തിനു അനൗപചാരിക സമ്പദ്വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്. കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ വരും മാസങ്ങളില്‍ നിരവധി പേര്‍ക്ക് വരുമാന നഷ്ടമുണ്ടാവുമെന്നും നല്ലൊരു വിഭാഗം കുടുംബങ്ങള്‍ക്കും താരതമ്യേന ഹ്രസ്വകാലത്തേക്ക് പോലും ഇതിനെ അതിജീവിക്കാനാവില്ലെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴിലില്ലാതായി. പട്ടിണി രാജ്യത്തിന് വലിയ വെല്ലുവിളിയായി മാറും. മഹാമാരിയുടെ ആഘാതം ഗ്രാമീണ മേഖലകളെ ബാധിച്ചുകഴിഞ്ഞു. ഭക്ഷ്യ സഹായം ആവശ്യമുള്ളവരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചു. ഉടനടി നേരിട്ട് ഭക്ഷണ സഹായം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 55 ശതമാനം പേര്‍ക്കും സര്‍ക്കാരില്‍ നിന്ന് സൗജന്യ ഭക്ഷണ കിറ്റുകള്‍ ലഭിച്ചില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെടല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന് 58 ശതമാനം വിശ്വസിക്കുന്നു. ഇത് ഉദ്യോഗസ്ഥരുടെ തടസ്സങ്ങള്‍ മൂലമാണോ അതോ യോഗ്യതാ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളാണോ എന്നതില്‍ ഇവര്‍ക്ക് അവ്യക്തതയുണ്ട്.സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടമെടുത്താണ് മിക്കവരും ചെലവ് നടത്തിയതെന്ന് 46 ശതമാനം പേര്‍ സാക്ഷ്യപ്പെടുത്തി. 22% പേര്‍ക്ക് പ്രാദേശിക സഹായ ഗ്രൂപ്പുകളില്‍ നിന്നോ മറ്റു കമ്മ്യൂണിറ്റി സഹായ പദ്ധതികളില്‍ നിന്നോ സഹായം ലഭിച്ചു. 12 ശതമാനം പേര്‍ വായ്പയെ ആശ്രയിച്ചു. 18 ശതമാനം പേര്‍ക്ക് മാത്രമേ കരുതല്‍ ധനമുള്ളൂവെന്നും 9 ശതമാനം പേര്‍ക്കു മാത്രമാണ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. പതിവ് വരുമാനത്തില്‍ പൊടുന്നനെയുണ്ടായ ഇടിവാണ് മിക്കവരുടെയും പ്രധാന പ്രശ്‌നം. പ്രതികരിച്ചവരില്‍ ഭൂരിഭാഗത്തിനും പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ ധാരണയില്ല, മാത്രമല്ല വരുമാനത്തില്‍ ഇടിവുണ്ടാക്കുകയും ചെയ്തു. സാമ്പത്തിക തടസ്സങ്ങളെ നേരിടാന്‍ പലരും തയ്യാറെടുപ്പ് നടത്തിയില്ല. പ്രതികരിച്ചവരില്‍ പകുതിയോളം പേര്‍ക്കും ജോലി നഷ്ടപ്പെടുകയോ വ്യാപാരം നിലയ്ക്കുകയോ ചെയ്തു-48 ശതമാനം. 31 ശതമാനം പേര്‍ക്ക് ഭാഗികമായി തൊഴില്‍ നഷ്ടമുണ്ടായി. 16 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാലും അടച്ചുപൂട്ടല്‍, ഭാവിയിലെ തൊഴില്‍, ശമ്പളം കുറയ്ക്കല്‍ എന്നിവയില്‍ അനിശ്ചിതത്വം വര്‍ധിക്കുകയാണ്.

അതേസമയം, വീട്ടില്‍ നിന്ന് പുറത്തുപോവുമ്പോള്‍ 10 ഇന്ത്യക്കാരില്‍ 9 പേര്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും 94 ശതമാനം പേരും മാസ്‌ക് ധരിക്കലുമായി പൊരുത്തപ്പെട്ടതായും സര്‍വേയില്‍ വ്യക്തമായി. മാസ്‌ക് ധരിക്കുന്നത് ബലഹീനതയായി ഭൂരിഭാഗവും വ്യാഖ്യാനിക്കപ്പെടുന്നില്ല. അതേസമയം, മറ്റുള്ളവരിലേക്കും സമൂഹത്തിലേക്കും രോഗം വരാതിരിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് മഹാഭൂരിപക്ഷത്തിനും അറിയാം. 85% പേര്‍ക്കും രണ്ടു മീറ്റര്‍ ശാരീരിക അകലം പാലിക്കേണ്ടതിനെ കുറിച്ച് അറിയാം.


കൊവിഡ് പ്രതിരോധത്തിനു ആരോഗ്യവിദഗ്ധരുടെ നിര്‍ദേശങ്ങള്‍ 65 ശതമാനം പേരും പാലിക്കാറുണ്ട്. ഇടയ്ക്കിടെ കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കല്‍, ഭക്ഷണവും മരുന്നും ശേഖരിക്കല്‍, സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കല്‍, സാമുദായിക പ്രാര്‍ത്ഥനകള്‍ ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള രീതികള്‍ ഇവര്‍ പാലിക്കുന്നുണ്ട്. 90 ശതമാനം പേരും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇടപെടല്‍ രീതിയില്‍ മാറ്റംവരുത്തി. 34 ശതമാനം പേരും വീട്ടുപകരണങ്ങളും മരുന്നുകളും ശേഖരിച്ചിരുന്നു. എന്നാല്‍, 3 ശതമാനം പേര്‍ ഒന്നും ചെയ്യാതിരിക്കുകയോ ചോദ്യത്തോട് പ്രതികരിക്കാതിരിക്കുകയോ ചെയ്തു. അതേസമയം, ആരോഗ്യ വകുപ്പിന്റെ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ വലിയ തോതില്‍ വിജയിപ്പിക്കാനായില്ലെന്നും സര്‍വേയില്‍ കണ്ടെത്തി. ഉദാഹരണത്തിന്, സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകണമെങ്കിലും വെള്ളവും ശുചീകരണ വസ്തുക്കളും ലഭ്യമല്ലാത്ത പലര്‍ക്കും ഇത് നടപ്പാക്കാനായില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.


സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും കൊവിഡ് രോഗത്തിനു ചികില്‍സ തേടിയവരുമായി സംവദിക്കാന്‍ വിസമ്മതിച്ചു. 52% പേരും രോഗമുക്തരുമായി ഇടപഴകാതിരിക്കാന്‍ ശ്രമിക്കുന്നു. ഭയം കാരണമാണ് രോഗമുക്തരുമായി അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പലരിലും ഭീതിയുണ്ടാക്കി. മഹാമാരി ഉള്‍പ്പെടെയുള്ള ആരോഗ്യ അത്യാഹിതങ്ങളെക്കുറിച്ചുള്ള കിംവദന്തികള്‍ക്കെതിരേ മികച്ച ബോധവല്‍ക്കരണം ആവശ്യമാണ് ഇതില്‍ നിന്നു വ്യക്തമാവുന്നു. മഹാമാരിക്കിടയിലും വിദ്വേഷകരമായ സന്ദേശങ്ങളോ പ്രവര്‍ത്തനങ്ങളോ വിവേചനപരമായ പെരുമാറ്റമോ അനുഭവിച്ചതായി 32% പേര്‍ അഭിപ്രായപ്പെട്ടു. പലരും വാക്കാലുള്ളതും ശാരീരികവുമായ ആക്രമണങ്ങള്‍ക്കിരയായി. ചിലപ്പോഴെങ്കിലും സ്ഥാപനങ്ങളില്‍ നിന്നു ഒഴിവാക്കലിനു വിധേയരായി. വ്യാജ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നതാണ് പലപ്പോഴും ഇതിനു കാരണമെന്നും ചൂണ്ടിക്കാട്ടി. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേരും അയല്‍വാസികളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് ആളുകളുടെ സാമൂഹികബോധവും സമൂഹത്തോടുള്ള അടുപ്പവും വെളിപ്പെടുത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ ആശങ്ക കുറവാണെന്നു സര്‍വേ വ്യക്തമാക്കുന്നു. 57 ശതമാനം പേര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്നും 31 ശതമാനം പേര്‍ മികച്ച ആരോഗ്യനിലയുണ്ടെന്നും അവകാശപ്പെട്ടപ്പോള്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് മോശം ആരോഗ്യസ്ഥിതിയാണെന്നു പറഞ്ഞത്.


കൊവിഡ് കാലത്ത് സമൂഹത്തില്‍ പല നന്‍മകളും വരുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ നന്മ പലരും സുഹൃത്തുക്കളുമായും കുടുംബവുമായും കൂടുതല്‍ നേരം ആശയവിനിമയം നടത്തിയെന്നതാണ്. ലോക്ക്ഡൗണിന് മുമ്പ് ജോലിയിലും ദൈനംദിന ജോലികളിലും മുഴുകിയതിനാല്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പരിചയക്കാരുമായോ വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ക്വാറന്റൈന്‍ എല്ലാം മാറ്റിമറിച്ചെന്നും സര്‍വേ വെളിപ്പെടുത്തി. 73 ശതമാനം പേരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെുന്ന സംഘടനകള്‍ക്കോ കൂട്ടായ്മകള്‍ക്കോ വേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരുന്നു. ദരിദ്രരെയും നിരാലംബരായവരെയും പിന്തുണയ്ക്കാന്‍ പല സംഘടനകളും സ്വമേധയാ മുന്നോട്ട് വന്നതായും സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കൊവിഡ്-19നെ കുറിച്ചുള്ള വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും 82 ശതമാനം പേരും പരമ്പരാഗത ഉറവിടങ്ങളെയും സാമൂഹിക മാധ്യമങ്ങളെയുമാണ് ആശ്രയിക്കുന്നത്. രണ്ടു ശതമാനം പേര്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞു. 59 പേരും എസ്എംഎസ്, വാട്‌സ് ആപ് വഴിയും 40 ശതമാനം പേര്‍ കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ മുതലായവയില്‍ നിന്നോ ആണ് വിവരങ്ങളറിയുന്നത്. വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പും സര്‍വേ നല്‍കുന്നു. സാങ്കേതികവിദ്യയെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം ലഭ്യമല്ലാത്തത് കുട്ടികളില്‍ അസമത്വം വര്‍ധിപ്പിക്കുന്നു. 41 ശതമാനം പേര്‍ക്കും തങ്ങളുടെ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് പ്രതികരിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തി. പൊതുവിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായപ്പോള്‍ പല സ്വകാര്യ സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയത് ധനികരും ദരിദ്രരും തമ്മിലുള്ള വിദ്യാഭ്യാസ വിടവ് വര്‍ധിപ്പിച്ചു.

തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് മതിയായ ചികില്‍സാ സൗകര്യങ്ങളില്ലെന്ന് 44 ശതമാനം പേര്‍ പ്രതികരിച്ചു. കൊവിഡ്-19 ആശുപത്രികളില്‍ പാവപ്പെട്ടവര്‍ വിവേചനത്തിനിരയായി. മതിയായ ആരോഗ്യ, സാമൂഹിക സേവനങ്ങളിലേക്കുള്ള ലഭ്യതക്കുറവും സര്‍വേയില്‍ പ്രതിഫലിച്ചു. ഇക്കാലയളവില്‍ മറ്റ് അസുഖങ്ങള്‍ക്ക് ചികില്‍സ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് 80 ശതമാനം പേര്‍ പ്രതികരിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന പ്രഖ്യാപനം കാരണം വിട്ടുമാറാത്ത രോഗങ്ങളുള്ള വയോധികരാണ് ഏറെ ബുദ്ധിമുട്ടിലായത്. ആത്മവിശ്വാസം നല്‍കുകയോ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയോ ചെയ്യുന്നതിനു പകരം വയോധികര്‍ ഒറ്റപ്പെട്ടു. ചികില്‍സാ ലഭ്യതയേക്കാള്‍ കുടുംബാംഗങ്ങളുടെ പിന്തുണയില്ലായ്മയാണ് പല വയോധികരുടെയും മരണകാരണമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. കൊവിഡിനെ അതിജയിക്കാന്‍ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണം, വായ്പകള്‍, അവശ്യ ഭക്ഷ്യവസ്തുക്കളുടെ സൗജന്യ വിതരണം തുടങ്ങിയവ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.


കൊവിഡാനന്തര കാലത്തെ കുറിച്ച് 22 ശതമാനം പേര്‍ നിരാശരരാണെങ്കില്‍ 18 ശതമാനം പേര്‍ ശുഭാപ്തി വിശ്വാസികളാണ്. 6 ശതമാനം പേര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടതായും സര്‍വേയില്‍ കണ്ടെത്തി. മെച്ചപ്പെട്ട ആസൂത്രണം, കുടിയേറ്റ തൊഴിലാളികളുടെ ഏകോപനം തുടങ്ങിയവയിലൂടെ ലോക്ക്ഡൗണ്‍ വിജകരമായി നടപ്പാക്കാനാവുമെന്ന് 71 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ വിദേശ രാജ്യത്ത് കുടുങ്ങിപ്പോവാന്‍ പ്രധാന കാരണം ഗതാഗതസൗകര്യമില്ലാത്തതാണെന്നു 19 ശതമാനം അഭിപ്രായപ്പെട്ടു. 19 ശതമാനം പേര്‍ ഉയര്‍ന്ന ഗതാഗത ചെലവാണ് കാരണമെന്നു പറഞ്ഞപ്പോള്‍ 17 ശതമാനം പേര്‍ മറ്റു കാരണങ്ങളാണെന്നു വ്യക്തമാക്കി. 41 ശതമാനം പേര്‍ ചോദ്യം ഒഴിവാക്കി.

ജനാധിപത്യ പ്രക്ഷോഭകരെയും പൗരാവകാശ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മഹാമാരിയെ ഉപയോഗിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരും പല സംസ്ഥാന സര്‍ക്കാരുകളും അടിച്ചമര്‍ത്തല്‍ നടപടികള്‍ വ്യാപിപ്പിക്കാനും ഹിഡന്‍ അജണ്ട നടപ്പാക്കാനുമുള്ള അവസരമായി കൊവിഡിനെ ഉപയോഗിച്ചു. ഒരു രാജ്യമെന്ന നിലയില്‍ കുടിയേറ്റ തൊഴിലാളികളും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് സര്‍വേയില്‍ 75 ശതമാനം പേര്‍ പറഞ്ഞു. വിദ്വേഷ പ്രചാരണം രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്നു 81 ശതമാനം പേര്‍ പ്രതികരിച്ചു. പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ വയോധികരും വികലാംഗരും അവഗണന നേരിട്ടതായി 66 ശതമാനം പേര്‍ പ്രതികരിച്ചു. വൈദ്യസഹായം, ശുചിത്വം, പരിചരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് വളരെയധികം കടപ്പാടുണ്ടെന്ന് 85 ശതമാനം അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേരും കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസ്യത വന്‍തോതില്‍ കുറഞ്ഞെങ്കിലും പല സംസ്ഥാന സര്‍ക്കാരുകളും വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിലും ആളുകള്‍ കൂടുതല്‍ സഹാനുഭൂതി കാണിക്കണമെന്ന് 81 ശതമാനം പേരും അഭിപ്രായപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിനിടയിലും 81 ശതമാനം പേരും വീടിന് പുറത്തുള്ള ഒരാളെ സഹായിക്കാന്‍ തയ്യാറായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചതായി 42 ശതമാനം അഭിപ്രായപ്പെട്ടു. ഒറ്റപ്പെടല്‍, സാമ്പത്തിക-തൊഴില്‍ നഷ്ടങ്ങള്‍, സഞ്ചാര നിയന്ത്രണം എന്നിവ സ്ത്രീകളിലും കുട്ടികളിലും വന്‍തോതില്‍ സ്വാധീനം ചെലുത്തി. 62 പേരും സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ആരോഗ്യത്തെക്കുറിച്ചും ജോലി, സാമ്പത്തിക സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ചു. പലര്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 31 ശതമാനം പേര്‍ വ്യക്തിഗത ആരോഗ്യത്തെക്കുറിച്ച് ആശങ്കയിലാണ്. കൊവിഡും അനുബന്ധ നിയന്ത്രണ നടപടികളും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. അശാസ്ത്രീയമായതും അനംഗീകൃതവുമായ മരുന്നുകള്‍ കഴിക്കുന്നതിനെ 87 ശതമാനം പേരും എതിര്‍ത്തപ്പോള്‍ 4 ശതമാനം ഇതിനോട് വിയോജിച്ചു. കൊവിഡ്-19 മൂലം മരണപ്പെട്ടവരെ മൃതദേഹം സംസ്‌കരിക്കുന്നത് ചിലയിടത്ത് തടയാന്‍ കാരണം അനാവശ്യ ഭീതിയാണെന്ന് 53 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അജ്ഞത കാരണമാണെന്നാണ് 18 ശതമാനത്തിന്റെ അഭിപ്രായം.

ചുരുക്കത്തില്‍ കൊവിഡ്-19 അഭൂതപൂര്‍വമായ തോതില്‍ ജനജീവിതത്തെ മാറ്റിമറിച്ചെന്നും ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനു മുന്‍ഗണന നല്‍കണമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായമെന്നും എന്‍സിഎച്ച്ആര്‍ഒ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ജനങ്ങളെ സംരക്ഷിക്കാനും പിന്തുണ നല്‍കാനും അധികാരികള്‍ അടിയന്തിര നടപടി കൈക്കൊള്ളണം. പലപ്പോഴുമെന്ന പോലെ കുറഞ്ഞ വിദ്യാഭ്യാസവും വരുമാനവുമുള്ളവരും വൈകല്യമുള്ളവര്‍, ദലിതര്‍, ഗോത്രവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, മറ്റ് രോഗാവസ്ഥയുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ തന്നെയാണ് കൊവിഡിലും വളരെയധികം ബുദ്ധിമുട്ടിയതെന്നു സര്‍വേ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ വീണ്ടെടുപ്പിനു സഹായകമാവുന്ന വിധത്തില്‍, കൊവിഡ് മഹാമാരി ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിച്ച രീതികളെ കുറിച്ച് അറിയുന്നതിനു വേണ്ടിയാണ് എന്‍സിഎച്ച്ആര്‍ഒ(ദേശീയ മനുഷ്യാവകാശ ഏകോപന സമിതി) സര്‍വേ സംഘടിപ്പിച്ചത്.Next Story

RELATED STORIES

Share it