Sub Lead

പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണമെന്ന് കെ എം ഷാജി; രേഖകള്‍ ഹാജരാക്കാനായില്ല, ഒരാഴ്ച സമയം നല്‍കി വിജിലന്‍സ്

ഷാജിയുടെ വീട്ടില്‍നിന്നും കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ സ്രോതസിനെക്കുറിച്ചാണ് വിജിലന്‍സ് ചോദിച്ചത്. അതേസമയം, പിടിച്ചെടുത്ത പണം സംബന്ധിച്ച മുഴുവന്‍ രേഖകളും വിജിലന്‍സിന് മുമ്പാകെ ഹാജരാക്കാനായില്ല. ഇതെത്തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഷാജിക്ക് ഒരാഴ്ച സമയം നല്‍കി.

പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനായി പിരിച്ച പണമെന്ന് കെ എം ഷാജി; രേഖകള്‍ ഹാജരാക്കാനായില്ല, ഒരാഴ്ച സമയം നല്‍കി വിജിലന്‍സ്
X

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യംചെയ്തു. രാവിലെ 10 മണിക്കാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ നാലര മണിക്കൂറാണ് ചോദ്യം ചെയ്തത്. ഷാജിയുടെ വീട്ടില്‍നിന്നും കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ സ്രോതസിനെക്കുറിച്ചാണ് വിജിലന്‍സ് ചോദിച്ചത്. അതേസമയം, പിടിച്ചെടുത്ത പണം സംബന്ധിച്ച മുഴുവന്‍ രേഖകളും വിജിലന്‍സിന് മുമ്പാകെ ഹാജരാക്കാനായില്ല. ഇതെത്തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഷാജിക്ക് ഒരാഴ്ച സമയം നല്‍കി.

തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ എം ഷാജി എംഎല്‍എ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് വീട്ടില്‍നിന്ന് പിടിച്ചത്. ഇതിന് കൗണ്ടര്‍ ഫോയിലുണ്ട്. ഇതുള്‍പ്പെടെയുള്ള രേഖകള്‍ വരുംദിവസങ്ങളില്‍ ഹാജരാക്കും.

കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കും. എംഎല്‍എ ആയതിനുശേഷം രണ്ട് സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളത്- അദ്ദേഹം പറഞ്ഞു. തനിക്കെതിരേ വ്യാജപ്രചരണങ്ങളാണ് നടക്കുന്നത്. ക്യാംപ് ഹൗസില്‍ ഒരു ബെഡ്‌റൂം മാത്രമേയുള്ളൂ. അതില്‍ ഒരു കട്ടിലേയുള്ളു. അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നതെന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്.

കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അവിടെയാവും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. പണം മാറ്റാതിരുന്നത് കൃത്യമായ രേഖയുള്ളതിനാലാണ്. ഈ രീതിയില്‍ എന്നെ പൂട്ടാന്‍ കഴിയില്ല. അക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ട്. വിദേശരാജ്യങ്ങളിലെ കറന്‍സികള്‍ മക്കള്‍ ശേഖരിച്ച് വച്ചതാണ്. അതില്‍ കസ്റ്റംസിന് സംശയമൊന്നുമില്ല. നിലവില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് വിജിലന്‍സ് പറഞ്ഞിട്ടില്ല.

എന്നാല്‍, ഒരാഴ്ചയ്ക്കകം രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഹാജരാക്കും. രാഷ്ട്രീയമായ നീക്കമാണ് തനിക്കെതിരേ നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കണമായിരുന്നു. പണം നേരത്തെ തന്നെ ബാങ്കില്‍ കൊണ്ടുപോയി ഇടണമായിരുന്നു. ഒരു എംഎല്‍എയുടെ വീട്ടില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന് റെയ്ഡ് നടത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുറച്ചുകൂടി കരുതല്‍ എടുക്കാമായിരുന്നു എന്നൊരു തോന്നല്‍ ഇപ്പോഴുണ്ട്- കെ എം ഷാജി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫിസില്‍ കെ എം ഷാജി ഹാജരായത്. എംഎല്‍എയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it