Sub Lead

ഐജി ശ്രീജിത്ത്: ആരോപണങ്ങളാല്‍ കളങ്കിതന്‍; പരാതികള്‍ പ്രവഹിക്കുമ്പോഴും പിണറായിയുടെ മൗനം ദുരൂഹം

സര്‍വ്വീസിലുടനീളം ആരോപണങ്ങളുടെയും വിവാദങ്ങളുടേയും സഹയാത്രികനായ ഈ പോലിസ് ഉദ്യോഗസ്ഥനെ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംരക്ഷിക്കുകയാണെന്ന ആക്ഷപവും ശക്തമാണ്.

ഐജി ശ്രീജിത്ത്: ആരോപണങ്ങളാല്‍ കളങ്കിതന്‍; പരാതികള്‍ പ്രവഹിക്കുമ്പോഴും പിണറായിയുടെ മൗനം ദുരൂഹം
X

സ്വന്തം പ്രതിനിധി

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിച്ചതില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായിട്ടും ആഭ്യന്തര വകുപ്പ് ഇടപെടാത്തതില്‍ ദുരൂഹതകളെറെ. സര്‍വ്വീസിലുടനീളം ആരോപണങ്ങളുടെയും വിവാദങ്ങളുടേയും സഹയാത്രികനായ ഈ പോലിസ് ഉദ്യോഗസ്ഥനെ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംരക്ഷിക്കുകയാണെന്ന ആക്ഷപവും ശക്തമാണ്.

പാലത്തായി കേസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശക്തമായതോടെ എസ് ശ്രീജിത്തിനെതിരായ മുന്‍ ആരോപണങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള പോലിസ് ചരിത്രത്തില്‍ ഐജി എസ് ശ്രീജിത്തിനോളം ആരോപണങ്ങള്‍ക്ക് വിധേയനായ പോലിസ് ഉദ്യോഗസ്ഥര്‍ അധികമില്ല എന്നാണ് പുതിയ ചര്‍ച്ചകളും വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തില്‍ തയാറാക്കപ്പെട്ട പോലിസിലെ കളങ്കിത ഉദ്യോഗസ്ഥരുടെ പട്ടികയിലും ശ്രീജിത്ത് ഇടം നേടിയിരുന്നുവെന്നാണ് പ്രചാരണം.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനു പുറമെ, വ്യക്തിപരമായ ഒട്ടേറെ ആരോപണങ്ങളും ഇതിനകം ഈ പോലിസുദ്യോഗസ്ഥനെതിരേ ഉയര്‍ന്നു. എന്നാല്‍, ശ്രീജിത്തിനെതിരായ പരാതികളൊന്നും തെളിയിക്കപ്പെട്ടില്ല എന്നത് അദ്ദേഹത്തിന് കരുത്ത് പകരുന്നു.ശ്രീജിത് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണായിരിക്കെ അദ്ദേഹത്തിനെതിരേ പരാതി ഉയര്‍ന്നു. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കുന്ദംകുളം, വടക്കാഞ്ചേരി എംഎല്‍എയുമായിരുന്ന എഎസ്എന്‍ നമ്പീശന്റെ മകള്‍ എ എന്‍ സതീദേവി ഗുരുതര ആരോപണങ്ങളുന്നയിച്ച് 2010ല്‍ അന്നത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

എന്നാല്‍, വകുപ്പു തല അന്വേഷണത്തില്‍ ശ്രീജിത്തിന് ക്ലീന്‍ചിറ്റാണ് ലഭിച്ചത്. അതോടെ, പരാതിക്കാരി സതീ ദേവിക്കും ഭര്‍ത്താവ് ഹരികൃഷ്ണന്‍ മാസ്റ്റര്‍ക്കുമെതിരേ അഞ്ച് അപകീര്‍ത്തി കേസുകള്‍ വന്നു. നാലെണ്ണം തള്ളി. ഒരു കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.സതീദേവി ശ്രീജിത്തിനെതിരായ പരാതിയില്‍ പരാമര്‍ശിച്ച മകളും സഹോദരിയും ബന്ധുക്കളുമൊക്കെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ശ്രീജിത്തിനെതിരായ പരാതികളില്‍ സത്യ സന്ധമായ അന്വേഷണം നടന്നില്ലെന്നും നീതി ലഭിച്ചില്ലെന്നും സതീദേവിയും ഹരികൃഷ്ണന്‍ മാസ്റ്ററും തേജസ് ന്യൂസിനോട് പറഞ്ഞു. വയസു കാലത്തും ആ പരാതിയുടെ പേരില്‍ വേട്ടയാടപ്പെടുകയാണെന്നും അവര്‍ പറയുന്നു.

ശ്രീജിത്ത് നേരത്തെ മലപ്പുറം എംഎസ്പി കമാന്‍ഡന്റായിരിക്കെ കാലിക്കറ്റ് സര്‍വ്വകലാശാല എംഎസ്പി എഡ്യൂക്കേഷന്‍ കോംപ്ലക്‌സിന് അനുവദിച്ച ബിഎഡ് കോഴ്‌സിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍, പോലിസുകാരുടെ ആശ്രിതര്‍ക്ക് പ്രത്യേകം സംവരണം ചെയ്ത പത്തു ശതമാനം സീറ്റില്‍ രണ്ട് സീറ്റുകളിലൊഴികെ മറ്റ് സീറ്റുകളില്‍ പിന്‍വാതില്‍ നിയമനം നല്‍കിയതായി പരാതി ഉയര്‍ന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

ഈ സംഭവത്തില്‍ നമ്പര്‍ ഇ10 (വി.ഇ 6/2003/എംപിഎം) 12057/2003 റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി 27042006 ന് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ ശ്രീജിത്തിനെതിരേ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീജിത്തിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആഭ്യന്തര വകുപ്പ് പരാതി തീര്‍പ്പാക്കുകയായിരുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിജിലന്‍സ് ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ഉപയോഗിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രതിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചത് കേരള ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമാണ്.

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രമേശന്‍ നമ്പ്യാര്‍ ഫയല്‍ ചെയ്ത പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം വിജിലന്‍സിന്റെ പൂജപ്പുര യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ (എഫ്‌ഐആര്‍ നം. 6/2010) പിസി ആക്ട് 1988 പ്രകാരം യുഎസ് 325, 342, 420, 465, 468 ആര്‍.ഡബ്ല്യു സെക്ഷന്‍ 34 ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ശ്രീജിത്തിനെതിരേ നടപടി ഉണ്ടായില്ല.

എറണാകുളം വെണ്ണല ജനത റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകളും ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ശ്രീജിത്തിനെതിരേ കേസെടുക്കുകയും (സി.സി നമ്പര്‍ 695/2008) ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കോടതി ചിലവ് ഇനത്തില്‍ ഈ ഉദ്യോഗസ്ഥനെ കൊണ്ട് 25,000 രൂപ പിഴ അടപ്പിച്ച് നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കേസിലും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി നെറ്റോ ഡെസ്മണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ (ഡബ്ല്യു പി (സി)നമ്പര്‍.18058 ഓഫ് 07) ഉത്തരവ് മുന്‍നിര്‍ത്തി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും രണ്ട് തവണ റിപ്പോര്‍ട്ട് (നമ്പര്‍. 80/ക്യാംപ്/എഡിജിപി ക്രൈംസ്/08) നല്‍കിയിരുന്നു. ശ്രീജിത്ത് കോട്ടയം എസ്പി ആയിരിക്കെ ചങ്ങനാശ്ശേരി സ്വദേശിയായ ടൈറ്റസിനെ ചങ്ങനാശ്ശേരി സിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കുവൈറ്റില്‍ കൊണ്ടുപോയി ജയിലിലിട്ടടപ്പിച്ചു എന്ന പരാതിയില്‍ ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു എന്നാണ് ആക്ഷേപം.

അന്നത്തെ എറണാകുളം റേഞ്ച് ഐജി വിന്‍സന്‍ എം പോള്‍, സംഭവത്തില്‍ ശ്രീജിത്തിനെതിരേ നല്‍കിയ റിപ്പോര്‍ട്ടിന്‍മേലുള്ള (നമ്പര്‍.ബി 1/9198/08 ഇആര്‍) നടപടി ഒഴിവാക്കാന്‍ വിജിലന്‍സ് കേസില്‍ പ്രതിയായ എസ്പിയെ കൊണ്ട് മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്നാണ് പരാതി. മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. വിവാദ വ്യവസായി റഊഫുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് ശ്രീജിത്ത് സസ്‌പെന്‍ഷനിലായി. സസ്‌പെന്‍ഷനു ശേഷം മനുഷ്യാവകാശ കമ്മീഷനില്‍ ഉന്നത തസ്തികയില്‍ തിരിച്ചെത്തി.

കോഴിക്കോട് മുക്കം മുസ്‌ലിം ഓര്‍ഫനേജില്‍ താമസിച്ച് പഠിക്കാന്‍ ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നു വന്ന കുട്ടികളെ 2014ല്‍ പാലക്കാട്ട് പോലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തടഞ്ഞുവെച്ചതും മനുഷ്യക്കടത്തിന് കേസെടുത്തതും വലിയ വിവാദമായിരുന്നു. ശ്രീജിത്ത്് ഐപിഎസ് അടക്കമുള്ളവരുടെ സംഘപരിവാര്‍ താല്‍പര്യമാണ് അന്ന് മനുഷ്യക്കടത്തു കേസില്‍ കലാശിച്ചതെന്ന ആരോപണം നില നില്‍കുന്നു. കേരളത്തിലെ യതീംഖാനകള്‍ക്കെതിരേ സംഘപരിവാരം സംഘടിതമായി ഉയര്‍ത്തിയ ആക്ഷേപങ്ങളെ ശരിവച്ചു കൊണ്ട് 2013ലെ മനുഷ്യക്കടത്ത് നിയമം 370ാം വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് എസ് ശ്രീജിത്ത് ആണ്. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ കേസായിരുന്നു അത്. യത്തീംഖാനകളുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി അന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ആര്‍എംപി സ്ഥാപകന്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമ്പോള്‍ ശ്രീജിത്ത്് ഉത്തര മേഖലാ പോലിസ് മേധാവിയായിരുന്നു .ടിപിയുടെ ഘാതകര്‍ എത്തിയ ഇന്നോവ കാറില്‍ 'മാഷാ അല്ലാഹ്' സ്റ്റിക്കര്‍ പതിച്ച കാര്യം ഡിഐജി ശ്രീജിത് ആണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചതെന്ന് ആര്‍എംപി നേതാക്കള്‍ ഓര്‍ക്കുന്നു. ടിപി വധത്തില്‍ അന്വേഷണം വഴിതിരിച്ചു വിടാനുള്ള സിപിഎമ്മിന്റെ മാഷാ അല്ലാ സ്റ്റിക്കര്‍ ഗൂഡാലോചന ശ്രീജിത്തിന്റെ അറിവോടെയാവാമെന്നാണ് ചില കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.

ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ടിപി കേസ് അന്വേഷിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ തീരുമാനം. എന്നാല്‍, സിപിഎമ്മിനോട് വിധേയത്വമുള്ള ഉദ്യോഗസ്ഥനെ ചുമതലയേല്‍പിക്കരുതെന്ന ശക്തമായ ആവശ്യവുമായി ആര്‍എംപി നേതാക്കള്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിക്കുകയായിരുന്നു.

എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ കേരള നിയമ സഭാ രേഖകളിലും ഇടം നേടിയിട്ടുണ്ട്. കളങ്കിത പശ്ചാത്തലമുള്ള പോലിസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചിലും വിജിലന്‍സിലും നിയമിക്കില്ലെന്ന ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ശ്രീജിത് ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കപ്പെട്ടതെന്നാണ് ആരോപണം.

കളങ്കിതരായ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാത്ത സമീപനമാണ് ഇടത്, സിപിഎം സര്‍ക്കാരുകളുടെ പൊതുവായ കീഴ് വഴക്കം. എന്നാല്‍, മുന്നണിയുടേയും പാര്‍ട്ടിയുടേയും അത്തരം നയപരമായ താല്‍പര്യങ്ങളല്ല പിണറായി സര്‍ക്കാരില്‍ നിറവേറ്റപ്പെടുന്നതെന്ന ആക്ഷേപങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണ് ഐജി ശ്രീജിത്തിനെതിരായ ഇപ്പോഴത്തെ പരാതികളില്‍ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റെയും മൗനമെന്നാണ് അഡ്വ.ഹരിഷ് വാസുദേവനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

Next Story

RELATED STORIES

Share it