Sub Lead

നിങ്ങള്‍ക്ക് എന്നെ അറസ്റ്റുചെയ്യാം, എന്തുകൊണ്ട് മന്ത്രിപുത്രനെ പിടികൂടുന്നില്ല; യുപി പോലിസിനെതിരേ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

നിങ്ങള്‍ക്ക് എന്നെ അറസ്റ്റുചെയ്യാം, എന്തുകൊണ്ട് മന്ത്രിപുത്രനെ പിടികൂടുന്നില്ല; യുപി പോലിസിനെതിരേ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച് നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലക്കിംപൂര്‍ ഖേരിയിലേക്ക് പോവുന്നതിനിടെ ഉത്തര്‍പ്രദേശ് പോലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. നിങ്ങള്‍ക്ക് എന്നെ അറസ്റ്റുചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ടാണ് കൊലക്കുറ്റം ചുമത്തിയ മന്ത്രിപുത്രനെ പിടികൂടാത്തതെന്ന് പ്രിയങ്ക ചോദിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ അകത്തും മന്ത്രിയുടെ മകന്‍ പുറത്തുമാണ്. 'ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണ പോലിസ് സേനയുണ്ട്.

മന്ത്രിയുടെ മകന്‍ കര്‍ഷകരുടെ മേല്‍ വാഹനം ഓടിച്ചുകയറ്റിയപ്പോള്‍ ഈ സേന എവിടെയായിരുന്നു? എന്തുകൊണ്ടാണ് മന്ത്രി ഇതുവരെ രാജിവയ്ക്കാത്തത്?' അഖിലേഷ് യാദവ്, ചന്ദ്രശേഖര്‍ ആസാദ്, ഭൂപേഷ് ബാഗേല്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കാനും വീട്ടുതടങ്കലില്‍ വയ്ക്കാനും സര്‍ക്കാരിന് കഴിയുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ കുറ്റവാളികളെ അറസ്റ്റുചെയ്യാത്തത്, അല്ലെങ്കില്‍ കസ്റ്റഡിയില്‍ വയ്ക്കാത്തത്- എന്‍ഡിടിവിയോട് സംസാരിക്കവെ പ്രിയങ്ക പ്രസ്താവിച്ചു. 'നിങ്ങള്‍ക്ക് (ബിജെപി സര്‍ക്കാര്‍) രാഷ്ട്രീയമാണ് പ്രധാനം, എന്നാല്‍ ഒരുകര്‍ഷകന്റെ ജീവിതം പ്രധാനമല്ല,' അവര്‍ പറഞ്ഞു. വാറന്റില്ലാതെ തന്നെ അറസ്റ്റുചെയ്തതെന്ന് ഗാന്ധി ആരോപിച്ചു.

'എന്റെ സഹപ്രവര്‍ത്തകനെ തല്ലുകയും തള്ളിമാറ്റുകയും ചെയ്തു. ഞങ്ങളെ ബലമായി ജീപ്പിനുള്ളില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോവാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. ഇത് തട്ടിക്കൊണ്ടുപോവലാണ്. നിങ്ങള്‍ എന്നെ ഒരു ഉത്തരവ് കാണിക്കുകയോ അല്ലെങ്കില്‍ ഏത് വകുപ്പിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പറയുകയോ ചെയ്തിട്ടില്ല. തുടക്കത്തില്‍, സെക്ഷന്‍ 144 (നിയമവിരുദ്ധമായ സമ്മേളനം) പ്രകാരം ഞങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ഞങ്ങള്‍ 144ാം വകുപ്പ് ലംഘിച്ചിട്ടില്ല. അപ്പോള്‍ അവര്‍ നിങ്ങളെ 151 വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിനെ പൂര്‍ണമായും തകര്‍ത്തതായും പ്രിയങ്ക വിമര്‍ശിച്ചു. സംഭവം നടക്കുമ്പോള്‍ മകന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന കേന്ദ്ര സഹസഹമന്ത്രി അജയ് മിശ്രയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഇത് വസ്തുതകള്‍ തെറ്റായി ചിത്രീകരിക്കുകയാണ്' എന്ന് പ്രിയങ്ക പ്രതികരിച്ചു. 'നിങ്ങള്‍ വീഡിയോകള്‍ കാണുകയും ഗ്രൗണ്ടിലുള്ള ആളുകളോട് സംസാരിക്കുകയും ചെയ്താല്‍, അവര്‍ തെറ്റാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സീതാപൂരിലെ ഗസ്റ്റ് ഹൗസില്‍നിന്നാണ് പ്രിയങ്ക മാധ്യമങ്ങളോട് സംസാരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ യുപി പോലിസ് അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it