Sub Lead

യുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ അറസ്റ്റ് വാറണ്ട്

യുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ അറസ്റ്റ് വാറണ്ട്
X

ഹേഗ്: യുദ്ധക്കുറ്റത്തിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഹമാസ് നേതാവ് യഹ് യ സിന്‍വാറിനുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതായി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍. തിങ്കളാഴ്ച സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. നെതന്യാഹുവിനു പുറമെ, ഇസ്രായേല്‍ യുദ്ധ മന്ത്രി യോവ് ഗാലന്റിനും ഉന്നത ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദഈഫ് എന്നിവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതായി അദ്ദേഹം പറഞ്ഞു. യുദ്ധക്കുറ്റത്തിനും മാനവരാശിക്കെതിരായ കുറ്റത്തിനുമാണ് ഇവര്‍ക്കെതിരേ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിനു നടന്ന തൂഫാനുല്‍ അഖ്‌സയ്ക്കു പിന്നാലെ ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ നേതൃത്വത്തിനെതിരേ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയെല്ലാം അഭ്യര്‍ഥന വകവയ്ക്കാതെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ഐസിസി നടപടിക്കൊരുങ്ങിയത്. എന്നാല്‍, അറസ്റ്റ് വാറണ്ട് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെയാണ് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയത്. അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിന്റെ ഉന്നത നേതാവിനെതിരേ ആദ്യമായാണ് ഐസിസി വാറണ്ട് പുറപ്പെടുവിക്കുന്നത്. ഉന്മൂലനം ചെയ്യല്‍, പട്ടിണിക്കിടല്‍, മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ നിഷേധിക്കല്‍, സിവിലിയന്‍മാരെ ആക്രമിക്കല്‍ എന്നിവയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതോടെ യുക്രയ്ന്‍ യുദ്ധത്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കപ്പെട്ട റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനോടൊപ്പം ബെഞ്ചമിന്‍ നെതന്യാഹുവും ഉള്‍പ്പെട്ടു. അറസ്റ്റ് വാറണ്ടിനുള്ള ഐസിസി മേധാവിയുടെ അപേക്ഷ ഇനി ഐസിസി ജഡ്ജിമാരുടെ പാനല്‍ പരിഗണിക്കും. അതേസമയം, ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യ, യഹ് യ സിന്‍വാര്‍, മുഹമ്മദ് ദഈഫ് എന്നിവര്‍ക്കെതിരേ ഉന്മൂലനം, കൊലപാതകം, ബന്ദികളാക്കല്‍, ബലാല്‍സംഗം, തടങ്കലിനിടെ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്ന് ഖാന്‍ പറഞ്ഞു. ഒക്‌ടോബര്‍ ഏഴിന് ആളുകളെ അവരുടെ കിടപ്പുമുറികളില്‍ നിന്നും വീടുകളില്‍ നിന്നും ഇസ്രായേലിലെ വിവിധ മേഖലകളില്‍നിന്നും ആക്രമിച്ചപ്പോള്‍ ലോകം ഞെട്ടിപ്പോയെന്നും ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടെന്നും ഖാന്‍ പറഞ്ഞു. നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നപ്പോള്‍ ഇസ്രായേല്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇസ്രായേലിന് ഒരു സ്വതന്ത്ര നിയമസംവിധാനമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍, ആരും നിയമത്തിന് അതീതരല്ലെന്നാണ് ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്റെ മറുപടി. ഐസിസിയുടെ നിലപാടിനോട് ഇസ്രായേലിന് എതിര്‍പ്പുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും അമേരിക്കയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളല്ല. എന്നിരുന്നാലും, 2015ല്‍ കോടതിയുടെ സ്ഥാപക തത്വങ്ങള്‍ക്ക് വിധേയരാവാന്‍ ഫലസ്തീന്‍ നേതാക്കള്‍ ഔപചാരികമായി സമ്മതിച്ചതിനെത്തുടര്‍ന്ന് ഗസ, കിഴക്കന്‍ ജെറുസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ഐസിസി അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it