Sub Lead

ഐഎംഎ കുംഭകോണക്കേസില്‍ കുറ്റാരോപിതനായ ഐഎഎസ് ഓഫിസര്‍ മരിച്ച നിലയില്‍

ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ 2013ല്‍ ആരംഭിച്ച ഐഎംഎ വഴി നിക്ഷേപകരില്‍ നിന്ന് 4,000 കോടിയിലേറെ രൂപ സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായാണു കണ്ടെത്തല്‍

ഐഎംഎ കുംഭകോണക്കേസില്‍ കുറ്റാരോപിതനായ ഐഎഎസ് ഓഫിസര്‍ മരിച്ച നിലയില്‍
X

ബെംഗളൂരു: ഐഎംഎ കുംഭകോണക്കേസില്‍ കുറ്റാരോപിതനായ ഐഎഎസ് ഓഫിസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു നഗര ജില്ലാ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി എം വിജയ് ശങ്കറിനെയാണ് ജയനഗറിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎംഎ കേസില്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് വിജയ് ശങ്കറിനെതിരേ കേസെടുത്തിരുന്നത്. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ 2019ല്‍ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോള്‍ കേസ് സിബിഐയ്ക്കു കൈമാറി. കേസുമായി ബന്ധപ്പെട്ട് ശങ്കറിനെയും മറ്റ് രണ്ട് പേരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.

ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ 2013ല്‍ ആരംഭിച്ച ഐഎംഎ വഴി നിക്ഷേപകരില്‍ നിന്ന് 4,000 കോടിയിലേറെ രൂപ സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായാണു കണ്ടെത്തല്‍. തുടര്‍ന്ന് ആദായനികുതി വകുപ്പും റിസര്‍വ് ബാങ്കും ഐഎംഎ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിജയ് ശങ്കറിനോടാണ് ആവശ്യപ്പെട്ടത്. റിപോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല വിജയ് ശങ്കര്‍ ബെംഗളൂരു ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ എല്‍ സി നാഗരാജിന് നല്‍കി. തുടര്‍ന്ന് വിജയ് ശങ്കറും നാഗരാജും അക്കൗണ്ടന്റായ മഞ്ജുനാഥ് വഴി 1.5 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. കേസിലെ മുഖ്യപ്രതിയും ഐഎംഎ ഡയറക്ടറുമായ മന്‍സൂര്‍ ഖാന്‍ തട്ടിപ്പ് നടത്തിയ ശേഷം ദുബയിലേക്കു മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് ഡല്‍ഹിയിലെത്തിയപ്പോള്‍ ഖാന്‍ അറസ്റ്റിലായി. ഇദ്ദേഹത്തിനു പുറമെ ഐഎംഎയുടെ ഏഴ് ഡയറക്ടര്‍മാരും ഒരു കോര്‍പറേറ്ററും ഉള്‍പ്പെടെയുള്ളവരെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it