എംഐ 17 കോപ്റ്റര്‍ തകര്‍ന്ന സംഭവം: വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ശ്രീനഗറിനു സമീപത്തെ ബഡ്ഗാമിലാണു സംഭവം

എംഐ 17 കോപ്റ്റര്‍ തകര്‍ന്ന സംഭവം: വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: പുല്‍വാമ-ബാലാക്കോട്ട് ആക്രമണ-പ്രത്യാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 കോപ്റ്റര്‍ വെടിവയ്പില്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ കോര്‍ട്ട് മാര്‍ഷലിനു വിധേയമാക്കാനും നാലു പേര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് തീരുമാനം. ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ശ്രീനഗറിനു സമീപത്തെ ബഡ്ഗാമിലാണു സംഭവം.

ഇന്ത്യയുടെ ഹെലികോപ്റ്റര്‍ വ്യോമസേന തന്നെ അബദ്ധത്തില്‍ മിസൈലുപയോഗിച്ചു വീഴ്ത്തിയതാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബധൗരിയ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിയുമായി രംഗത്തെത്തിയിട്ടുള്ളത്.

എംഐ 17 വിഎഫ് സേനാ കോപ്റ്റര്‍ തകര്‍ന്ന് ആറ് സേനാംഗങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്റെ ഹെലികോപ്റ്ററെന്ന് തെറ്റിദ്ധരിച്ച് ശ്രീനഗര്‍ സേനാ താവളത്തിലെ വ്യോമസുരക്ഷാ തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് സ്വന്തം ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് കണ്ടെത്തിയത്. ഹെലികോപ്റ്ററും സേനാ താവളവും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമെന്നാണ് കണ്ടെത്തല്‍. ജയ്‌ഷെ മുഹമ്മദ് താവളം എന്നാരോപിച്ച് ബാലാക്കോട്ടില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യന്‍ വ്യോമസേനയും ഹെലികോപ്റ്റര്‍ തകര്‍ന്നത്.RELATED STORIES

Share it
Top