Sub Lead

കഅബയുടെ മുകളില്‍ കാവിക്കൊടി ഉയര്‍ത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസ്; സംഘര്‍ഷത്തെത്തുടര്‍ന്ന് ഹുബ്ബള്ളിയില്‍ നിരോധനാജ്ഞ

20 കാരനായ വിദ്യാര്‍ത്ഥി അഭിഷേക് ഹിരേമത്തിന്റെ അത്യന്തം പ്രകോപനപരമായ രാഷ്ട്രീയ ആക്രമണാത്മക പോസ്റ്റിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കഅബയുടെ മുകളില്‍ കാവിക്കൊടി ഉയര്‍ത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസ്; സംഘര്‍ഷത്തെത്തുടര്‍ന്ന് ഹുബ്ബള്ളിയില്‍ നിരോധനാജ്ഞ
X

ബെംഗളൂരു: ഒരു കാലത്ത് സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന, വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളി പട്ടണത്തില്‍ നിരോധനാജ്ഞ. 20 കാരനായ വിദ്യാര്‍ത്ഥി അഭിഷേക് ഹിരേമത്തിന്റെ അത്യന്തം പ്രകോപനപരമായ രാഷ്ട്രീയ ആക്രമണാത്മക പോസ്റ്റിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വൈറലായ സോഷ്യല്‍ മീഡിയയിലെ മോര്‍ഫ് ചെയ്ത പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പോലിസ് സ്‌റ്റേഷന്‍ വളയുകയും പോലിസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി പോലിസ് അവകാശപ്പെട്ടു. അക്രമത്തില്‍ നാല് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലിസ് പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

ഏപ്രില്‍ 16 ന് വൈകുന്നേരം, മക്കയിലെ വിശുദ്ധ കബയ്ക്ക് മുകളില്‍ ഉയര്‍ത്തിയ കുങ്കുമ പതാകയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സന്ദേശമായി പോസ്റ്റ് ചെയ്ത പ്രതിക്കെതിരെ മതിയായ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവര്‍ പോലിസ് സ്‌റ്റേഷന്‍ പിക്കറ്റ് ചെയ്തത്.

സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ പോലിസ് ബലം പ്രയോഗിച്ചതാണ് സമരം കല്ലേറില്‍ കലാശിച്ചത്.

അക്രമത്തെത്തുടര്‍ന്ന് 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 20 രാവിലെ 6 വരെ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയതായി ഹുബ്ബള്ളി ധാര്‍വാദ് സിറ്റി പോലീസ് കമ്മീഷണര്‍ ലഭു റാം പറഞ്ഞു.

അപകീര്‍ത്തികരമായി മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത അഭിഷേക് ഹിരേമത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഓള്‍ഡ് ഹുബ്ബള്ളി പോലിസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തിയതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് പോലിസ് ഹിരേമത്തിനെ ആനന്ദ് നഗറിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഓള്‍ഡ് ഹുബ്ബള്ളി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചതായും പോലിസ് വൃത്തങ്ങള്‍ പരഞ്ഞു.

'ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റിന്റെ പേരിലാണ് പോലീസ് നടപടിയെടുത്തത്. എന്നാല്‍, പഴയ ഹുബ്ബള്ളിയില്‍ അക്രമം നടന്നിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുത്താല്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഈ സംഭവത്തെ രാഷ്ട്രീയ വീക്ഷണകോണില്‍ നിന്നല്ല, ക്രമസമാധാനത്തിന്റെ വീക്ഷണ കോണില്‍ നിന്ന് നോക്കണം,' കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഇതുപോലുള്ള സംഭവങ്ങള്‍ നഗരത്തിലെ സമാധാനവും ഐക്യവും സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതായി ജെഡി(എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. 'സാമൂഹിക മാധ്യമങ്ങള്‍ അക്രമം പടര്‍ത്താനുള്ള ഇടമായി മാറിയിരിക്കുന്നു, പോലീസ് അത് തിരിച്ചറിയേണ്ടതുണ്ട്. തൊഴിലില്ലായ്മ, സാധനങ്ങളുടെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയില്‍ ഈ സോഷ്യല്‍ മീഡിയ പോരാളികളുടെ മൗനം അപകടകരമാണ്'-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it