Sub Lead

കൊറോണക്കാലത്തെ എങ്ങനെ ഉപയോഗിക്കാം; 10 വിദ്യകളുമായി കുട്ടികള്‍(വീഡിയോ)

പഠനകാര്യത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ഇരുവരും മിടുക്കരാണ്

കൊറോണക്കാലത്തെ എങ്ങനെ ഉപയോഗിക്കാം; 10 വിദ്യകളുമായി കുട്ടികള്‍(വീഡിയോ)
X

മലപ്പുറം: കൊറോണ കാരണം രാജ്യമാകെ ലോക്ക് ഡൗണിലാണ്. ഏറ്റവുമാദ്യം വീട്ടിലിരുന്നത് നമ്മുടെ കുട്ടികള്‍ തന്നെ. പരീക്ഷക്കാലം എത്തുമ്പോഴേക്കും സ്‌കൂളുകള്‍ അടച്ചു. പലര്‍ക്കും സന്തോഷകരമായെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ നിയന്ത്രണം കടുപ്പിച്ചു. അവധിക്കാലത്തുള്ള സ്വാതന്ത്ര്യമൊന്നുമില്ലെന്നായതോടെ കുട്ടികള്‍ക്കും മടുത്തുകാണും. പല കുട്ടികളും പുസ്തകം നോക്കുന്നുപോലുമില്ല. പകരം ടിവിക്കും മൊബൈലിനും മുന്നിലാണ്. പത്രങ്ങളും കാര്യമായി ലഭിക്കാതായതോടെ വായനയും നിലയ്ക്കുകയാണ്. തൊട്ടപ്പുറത്തെ കുട്ടികളുമായി പോലും കളിക്കാനാവാത്ത അവസ്ഥ അവരെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ പോലുമാവുന്നില്ല. എന്നാല്‍, മലപ്പുറം നിലമ്പൂരിനടുത്തുള്ള എടക്കരയിലെ രണ്ടു കുരുന്നുസഹോദരങ്ങള്‍ യൂ ട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇറാം ഗ്രൂപ്പിനു കീഴിലുള്ള ഇറാം എജ്യുക്കേഷനല്‍ ആന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് സിഇഒ നിലമ്പൂര്‍ ചെറുത്തോണിയിലെ മനോഹര്‍ വര്‍ഗീസിന്റെയും ചുങ്കത്തറ മാര്‍ത്തോമ്മാ എച്ച്എസ്എസിലെ അധ്യാപിക പ്രിയയുടെയും മക്കളായ വിവേകും വിനയുമാണ് 10 വിദ്യകളുമായി വിരല്‍ത്തുമ്പിലെത്തുന്നത്. വി ടു ക്രിയേഷന്‍സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് വായന, ലൈബ്രറി ക്രമീകരണം, ഭക്ഷണമുണ്ടാക്കല്‍, ഹോം ഡിസൈനിങ്, പുഷ്പാലങ്കാരം, സംഗീതപഠനം, വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം തുടങ്ങി രസകരവും എളുപ്പം ചെയ്യാനാവുന്നതുമായ വിദ്യകള്‍ കാണിച്ചുതരുന്നത്. വീടിനു പുറത്ത് മാത്രമല്ല, അകത്തും കളികളുണ്ടെന്ന് കുരുന്നുകള്‍ കാട്ടിത്തരുന്നു.



പഠനകാര്യത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ഇരുവരും മിടുക്കരാണെന്ന് പിതാവ് മനോഹര്‍ വര്‍ഗീസ് തേജസ് ന്യൂസിനോട് പറഞ്ഞു. ചുങ്കത്തറ മാര്‍ത്തോമ്മാ എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ വിവേകാണ് വീഡിയോയുടെ കാമറയും എഡിറ്റിങ്ങുമെല്ലാം ചെയ്തത്. കഴിഞ്ഞ അവധിക്കാലത്ത് എഡിറ്റിങ് സംബന്ധിച്ച ഒരു ഹ്രസ്വകാല കോഴ്‌സിനു പോയ ധൈര്യത്തിലാണ് എല്ലാം ചെയ്യുന്നത്. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിങ് മോഡലില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി യൂ ട്യൂബ് ചാനല്‍ തുടങ്ങിയിട്ട്. ഇടയ്ക്കു ചില വീഡിയോകള്‍ ഇടാറുണ്ട്. എന്നാല്‍, കൊറോണക്കാലത്തെ വീഡിയോ വളരെ ഉപകാരപ്രദമാവുമെന്നാണു പ്രതീക്ഷ. ഇളയവന്‍ വിനയ് ആണ് അവതാരകന്‍. നിലമ്പൂര്‍ സ്പ്രിങിസ് ഇന്റര്‍നാഷനല്‍ സ്‌കൂളിെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂത്തയാള്‍ എടുക്കുന്ന വീഡിയോയില്‍ കൂടുതലായും വിനയ് ആണ് അവതാരകന്‍. സിബിഎസ് ഇ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന വീഡിയോ എല്ലാ കൂട്ടുകാരും പങ്കുവയ്ക്കണമെന്നു പറഞ്ഞാണ് അവസാനിക്കുന്നത്.






Next Story

RELATED STORIES

Share it