Sub Lead

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ബിഎസ്പിയുടേയും ഉവൈസിയുടേയും വെല്ലുവിളി മറികടക്കാന്‍ അഖിലേഷിനാവുമോ?

യോഗി ആഥിത്യനാഥിന്റെ ഭരണപരാജയങ്ങളുടെ പുറത്തുചവിട്ടി അധികാരത്തിലേക്ക് ഓടിക്കയറാമെന്നാണ് എസ്പിയുടെ കണക്കുകൂട്ടലുകളെങ്കിലും അതത്ര എളുപ്പമാവില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എസ്പിയുടെ യാത്ര ക്ലേശകരമാക്കുന്ന നിരവധി ഘടകളാണ് സംസ്ഥാനത്തുള്ളത്.

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: ബിഎസ്പിയുടേയും ഉവൈസിയുടേയും വെല്ലുവിളി മറികടക്കാന്‍ അഖിലേഷിനാവുമോ?
X
ലഖ്‌നൗ: കോണ്‍ഗ്രസ്, ബിഎസ്പി, മജ്‌ലിസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഗോദയില്‍ ബലാബലം പരീക്ഷിക്കാനുണ്ടെങ്കിലും സംസ്ഥാനത്തെ യഥാര്‍ത്ഥ പോരാട്ടം ബിജെപിയും എസ്പിയുമാണെന്നാണ് താഴേതട്ടില്‍നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


സംസ്ഥാനത്തെ വോട്ടെടുപ്പ് നാലാംഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ പോര് പൂര്‍വാധികം ശക്തി കൈവന്നിട്ടുണ്ട്. യോഗി ആഥിത്യനാഥിന്റെ ഭരണപരാജയങ്ങളുടെ പുറത്തുചവിട്ടി അധികാരത്തിലേക്ക് ഓടിക്കയറാമെന്നാണ് എസ്പിയുടെ കണക്കുകൂട്ടലുകളെങ്കിലും അതത്ര എളുപ്പമാവില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. എസ്പിയുടെ യാത്ര ക്ലേശകരമാക്കുന്ന നിരവധി ഘടകളാണ് സംസ്ഥാനത്തുള്ളത്.

കോണ്‍ഗ്രസ്, ബിഎസ്പി, മജ്‌ലിസ് ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം സാധ്യമാവില്ലെന്നതാണ് പ്രധാന വശം. ബിഎസ്പിയുടെ രാഷ്ട്രീയമായ പ്രസക്തി അംഗീകരിച്ച് കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ പരാമര്‍ശം ഇക്കാര്യം അടിവരയിടുന്നതാണ്.

ഇത്തവണ പതിവിന് വിപരീതമായി യാദവേതര വോട്ട് ബാങ്കിലും കണ്ണുവച്ചാണ് അഖിലേഷ് തന്ത്രം മെനഞ്ഞത്. എന്നാല്‍, ബിഎസ്പി, കോണ്‍ഗ്രസ്, എഐഎംഐഎം, എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഈ വോട്ടുബാങ്കില്‍ നല്ലൊരു വിഹിതം അടര്‍ത്തിയെടുക്കും എന്ന ആശങ്ക എസ്പിയ്ക്കും അഖിലേഷിനുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വലിയ കോലാഹലങ്ങളില്ലാതെ നിശബ്ദ പ്രചരണമാണ് ബിഎസ്പി നടത്തുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ന്യൂനപക്ഷ വോട്ടിലാണ് കണ്ണുനട്ടിരിക്കുന്നത്. കോണ്‍ഗ്രസാകട്ടെ സംസ്ഥാനത്ത് നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്.

ദലിത്-മുസ്‌ലിം വോട്ട് ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ്പിക്ക് ഈ പാര്‍ട്ടികള്‍ കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തിയേക്കും. ഇത്തവണ ദളിത്, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് 90 വീതം സ്ഥാനാര്‍ത്ഥികളെയാണ് ബിഎസ്പി മത്സരിപ്പിക്കുന്നത്. യുപി നിയമസഭയിലെ 84 സീറ്റുകളും പട്ടികജാതി സമുദായത്തിന് സംവരണം ചെയ്തിരിക്കുകയാണ്. 2017ല്‍ ദളിത്ബ്രാഹ്മണര്‍ ഫോര്‍മുല വിട്ട് ദലിത്-മുസ്‌ലിം ഫോര്‍മുലയിലേക്ക് മാറിയപ്പോള്‍ മായാവതി നൂറോളം മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും പുറമെ, മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചത് വഴി മായാവതി ബ്രാഹ്മണരിലേക്കും വഴി തുറന്നിട്ടുണ്ട്. ദലിത്-മുസ്‌ലിം മുദ്രാവാക്യമുയര്‍ത്തിയാണ് അസദുദ്ദീന്‍ ഉവൈസി രംഗത്തുള്ളതെങ്കിലും മുസ്ലീം വോട്ട് ബാങ്ക് തന്നെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഉവൈസി തന്റെ റാലികളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്.

എട്ട് ഹിന്ദു സ്ഥാനാര്‍ത്ഥികളെയെും ഒവൈസി നിര്‍ത്തിയിട്ടുണ്ട്. 35 മണ്ഡലങ്ങളില്‍ 30 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാരുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഉവൈസിയുടെ നോമിനികള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.ഒമ്പത് മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാര്‍ 50 ശതമാനത്തിലധികം വരും. ബീഹാറില്‍ ഇടം കണ്ടെത്തിയത് പോലെ ഉത്തര്‍പ്രദേശിലും മുസ്‌ലിംകളുടെ ശബ്ദമാവുക എന്നതാണ് ഉവൈസി ലക്ഷ്യമിടുന്നത്.മായാവതിയും ഉവൈസിയും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മണ്ഡലങ്ങളില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി-ആര്‍എല്‍ഡി സഖ്യം കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തല്‍. ഒറ്റയ്ക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് 60ലധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇവിടെ കളമൊരുക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് 144 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ 402 സീറ്റുകളില്‍ മത്സരിക്കുന്നതിനാല്‍ 2017ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനാണ് സാധ്യത. ഇതും എസ്പിക്ക് പാരയാകുമെന്നാണ് രാഷ്ട്രീ നിരീക്ഷകരുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it