Sub Lead

അലീഗഡില്‍ ക്ഷേത്രത്തിന്റെ ചുവരില്‍ ഐ ലവ് മുഹമ്മദ് എഴുതിയ ഹിന്ദുത്വര്‍ അറസ്റ്റില്‍

അലീഗഡില്‍ ക്ഷേത്രത്തിന്റെ ചുവരില്‍ ഐ ലവ് മുഹമ്മദ് എഴുതിയ ഹിന്ദുത്വര്‍ അറസ്റ്റില്‍
X

അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ഹിന്ദുക്ഷേത്രങ്ങളുടെ ചുവരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ ഹിന്ദുത്വര്‍ അറസ്റ്റില്‍. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്‍മ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു ഹിന്ദുത്വരുടെ പദ്ധതി. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു. പ്രതികള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട് മുസ് ലിം ബിസിനസുകാരുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയെന്നും ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഐ ലവ് മുഹമ്മദ് എഴുത്തുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. കര്‍ണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. അവരുടെ നിര്‍ദേശ പ്രകാരം മൗലവി മുസ്തഖീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷ്, ഹസന്‍, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികളെ വിട്ടെന്നും അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

കാണ്‍പൂരില്‍ നബിദിനത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയില്‍ ഐ ലവ് മുഹമ്മദ് കാംപയിന്‍ ആരംഭിച്ചത്. ഇതോടെ ഹിന്ദുത്വര്‍ ഐ ലവ് മഹാദേവ് ക്യാംപയിനും ആരംഭിച്ചു. അതിന് ശേഷമാണ് അലിഗഡിലെ ക്ഷേത്രങ്ങളുടെ ചുവരില്‍ ഐ ലവ് മുഹമ്മദ് എന്ന് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഹിന്ദുത്വര്‍ വലിയ വര്‍ഗീയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ഹിന്ദുത്വരുടെ ആവശ്യപ്രകാരമാണ് മുസ്‌ലിംകളെ പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it