Sub Lead

ഹിന്ദുക്കള്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് ജന്മം നല്‍കണം, അല്ലെങ്കില്‍ അപകടം: വിശ്വ ഹിന്ദു പരിഷത്ത്

എണ്ണം കുറയുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നും മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും സംയുക്തമായ സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തില്‍ മിലിന്ദ് പറഞ്ഞു.

ഹിന്ദുക്കള്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് ജന്മം നല്‍കണം, അല്ലെങ്കില്‍ അപകടം: വിശ്വ ഹിന്ദു പരിഷത്ത്
X

ഭോപ്പാല്‍: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും വിവാഹശേഷം ഹിന്ദു ദമ്പതികള്‍ ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാന്തെ. എണ്ണം കുറയുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നും മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും സംയുക്തമായ സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തില്‍ മിലിന്ദ് പറഞ്ഞു.

ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് അസ്തിത്വ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്നത് ഓരോ യുവാവും ചിന്തിക്കണമെന്നും ജനസംഖ്യ കുറഞ്ഞാല്‍ ഹിന്ദുക്കള്‍ പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തി എന്നതിലുപരി ഒരു സമൂഹത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ പ്രാപ്തമാകുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദു സമൂഹം അവരുടെ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മിലിന്ദ് പറഞ്ഞു. അതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയല്‍ മുതലാളിമാര്‍ അവരെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യത്ത് ജനാധിപത്യമുണ്ട്. പക്ഷേ, അക്കങ്ങള്‍ പ്രധാനമാണ്. ഓരോ ഹിന്ദു ദമ്പതികള്‍ക്കും 2-3 കുട്ടികള്‍ ഉണ്ടായാല്‍ ആരും ഹിന്ദു മതത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടില്ല. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ നമ്മുടെ മതം പലരാലും ആക്രമിക്കപ്പെട്ടു. നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മതത്തെയും നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ അവര്‍ വിജയിച്ചില്ല. ഇതാണ് ഹിന്ദുമതത്തിന്റെ ശക്തിയെന്നും മിലിന്ദ് പറഞ്ഞു.

ബ്രിട്ടീഷുകാരുടെ പുതിയ വിദ്യാഭ്യാസനയം ഹിന്ദുക്കള്‍ക്ക് തങ്ങളുടെ പൂര്‍വികരെക്കുറിച്ച് ലജ്ജ തോന്നിക്കാന്‍ ഇടയാക്കി. അവര്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മലിനമാക്കി. ഇനി പൂര്‍വികരെക്കുറിച്ച് ലജ്ജ തോന്നുന്ന ഒരു സമൂഹവും അധികകാലം ഉണ്ടാകില്ല മിലിന്ദ് പറഞ്ഞു.

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞുവരുന്നു. എന്നാല്‍, മുസ്‌ലിംകളുടെ ജനസംഖ്യ കൂടുകയും ചെയ്യുന്നു. ഹിന്ദു ജനസംഖ്യ കുറയുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുമെന്ന് ചരിത്രം തെളിയിക്കുന്നു. രാജ്യം വീണ്ടും വിഭജിക്കാതിരിക്കാന്‍ ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ കാശി, മഥുര, അയോധ്യ എന്നിവിടങ്ങളിലെ ക്ഷേത്രപള്ളി തര്‍ക്ക വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. 'കാശി, മഥുര, അയോധ്യ എന്നിവ ഹിന്ദു സമൂഹത്തിന്റെ ദൃഢനിശ്ചയങ്ങളാണ്. ഹിന്ദു സമൂഹം അതിന്റെ ദൃഢനിശ്ചയം നിറവേറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയെന്നും അത് പൂര്‍ത്തകരിക്കപ്പെട്ടുവെന്നും സമാനമായി ഈ മുന്നേറ്റവും പൂര്‍ത്തീകരിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it