Sub Lead

അജ്മീര്‍ ദര്‍ഗയിലും അവകാശവാദം; ഹിന്ദുക്ഷേത്രമാണെന്ന് മഹാറാണ പ്രതാപ് സേന

അജ്മീര്‍ ദര്‍ഗയിലും അവകാശവാദം; ഹിന്ദുക്ഷേത്രമാണെന്ന് മഹാറാണ പ്രതാപ് സേന
X

ജയ്പൂര്‍: കാശിയിലെ ഗ്യാന്‍വാപി, മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദുകള്‍, താജ്മഹല്‍ തുടങ്ങിയവയ്ക്കു പിന്നാലെ അജ്മീര്‍ ദര്‍ഗയിലും അവകാശവാദവുമായി ഹിന്ദുത്വര്‍ രംഗത്ത്. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ യഥാര്‍ത്ഥത്തില്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്ന് ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയുടെ അധ്യക്ഷന്‍ രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ നേരത്തേ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഗ്യാന്‍വാപി, ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെയാണ് വീണ്ടും സമാനമായ ആവശ്യം ഉന്നയിക്കുന്നത്. ഹിന്ദുത്വ വെബ്‌സൈറ്റ് ആയ ഹിന്ദു പോസ്റ്റ് 'അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സമുച്ചയം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണോ നിര്‍മിച്ചത്?' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രംഗപ്രവേശനം. 'അജ്മീറിലെ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കുന്ന ഏതൊരു ഹിന്ദുവും യഥാര്‍ത്ഥത്തില്‍ ഒരു പുരാതന മഹാദേവ ക്ഷേത്രത്തിന്റെ അവഹേളനവും നശീകരണവും ആഘോഷിക്കുകയാണ്. ദര്‍ഗ മാത്രമല്ല, വാസ്തവത്തില്‍ മുഴുവന്‍ സമുച്ചയവും നിര്‍മ്മിച്ചിരിക്കുന്നത് മുസ് ലിം ആക്രമണകാരികള്‍ തകര്‍ത്ത ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്നും ലേഖനത്തില്‍ പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് രാജ് വര്‍ധന്‍ സിങ് പാര്‍മര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മയ്ക്ക് കത്തയച്ചു. അജ്മീര്‍ ദര്‍ഗയെ കുറിച്ച് അന്വേഷണം വേണമെന്ന് സംഘടന ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതായി കത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ ആശങ്കകളെ തള്ളിക്കളഞ്ഞെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജസ്ഥാനികള്‍ ഈ ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്. അയോധ്യയിലെ ബാബരിയും വാരാണസിയിലെ ഗ്യാന്‍വാപിയും പോലെ അജ്മീര്‍ ദര്‍ഗയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സൂഫീവര്യനായ ഖാജാ മൊയ്‌നുദ്ദീന്‍ ചിശ്്തിയുടെ ഖബറിടമാണ് താരഗഢ് കുന്നിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന അജ്മീര്‍ ഷരീഫ് ദര്‍ഗ. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ദര്‍ഗയുടെ ആകര്‍ഷകമായ വെണ്ണക്കല്‍ താഴികക്കുടം 1532ലാണ് നിര്‍മിച്ചത്. മനോഹരമായ ഡിസൈനുകളും സ്വര്‍ണനിറത്തിലുള്ള ലിപികളാലും അലങ്കരിച്ചിരിക്കുന്ന ദര്‍ഗയില്‍ എല്ലാ മതവിശ്വാസികളും എത്താറുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ജറില്‍ (ഇന്നത്തെ ഇറാന്‍) ജനിച്ച ഖ്വജാ മൊയ്‌നുദ്ദീന്‍ ചിശ്തി, പിന്നീട് അജ്മീറിനെ തന്റെ ഭവനമാക്കി മാറ്റി. പ്രശസ്ത സുന്നി ഹന്‍ബലി പണ്ഡിതനായ അബ്ദല്ല അന്‍സാരിയുടെ രചനകളില്‍ നിന്ന് ആത്മീയ പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം അജ്മീറില്‍ താമസിച്ചത്. ദിനേനയെന്നോണം പതിനായിരങ്ങളാണ് അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇത്തരമൊരു മുസ് ലിം ആരാധനാലയത്തിന്‍മേലാണ് മഹാറാണ പ്രതാപ് സേന അഴകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ബാഗ്പില്‍ സൂഫിവര്യനായ ഷെയ്ഖ് ബദ്‌റുദ്ദീന്‍ ഷായുടെ ഖബറിടവും ദര്‍ഗയും അടങ്ങുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് മുസ്‌ലിംകള്‍ സമര്‍പ്പിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഹരജി തള്ളി ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലാ കോടതി ജഡ്ജി ശിവം ദ്വിവേദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it