Sub Lead

കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി; രാജ്യവ്യാപകമാക്കാന്‍ ഹിന്ദു മഹാസഭ

പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നല്‍കിയതായി ദി വീക്ക് റിപോര്‍ട്ട് ചെയ്തു

കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി; രാജ്യവ്യാപകമാക്കാന്‍ ഹിന്ദു മഹാസഭ
X

ന്യൂഡല്‍ഹി: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നേരിടാന്‍ ഹിന്ദുമഹാസഭ ഗോമൂത്ര പാര്‍ട്ടിക്ക് തുടക്കമിട്ടു. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണു തീരുമാനം. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നല്‍കിയതായി ദി വീക്ക് റിപോര്‍ട്ട് ചെയ്തു. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മിക്കുന്നത്. 200ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസിന്റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന ചിത്രങ്ങളും ചക്രപാണി മഹാരാജ് പങ്കുവച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജിന്റെ അവകാശവാദം. സഹായത്തിന് വേണ്ടിയുള്ള മൃഗങ്ങളുടെ കരച്ചില്‍ കേട്ടാണ് കൊറോണ ഇന്ത്യയിലെത്തിയതെന്നും മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണയെന്നും ചക്രപാണി മഹാരാജ് പറഞ്ഞിരുന്നു. മാത്രമല്ല, ഓം നമ:ശിവായ ജപിച്ച് ശരീരത്തില്‍ ചാണകം പുരട്ടിയാല്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടാമെന്നും അദ്ദേഹം നേരത്തേ പ്രസ്താവിച്ചിരുന്നു.




Next Story

RELATED STORIES

Share it