Sub Lead

ഹിമാചലില്‍ ജയമുറപ്പിച്ച് കോണ്‍ഗ്രസ്; ലീഡ് കേവലഭൂരിപക്ഷം കടന്നു

ഹിമാചലില്‍ ജയമുറപ്പിച്ച് കോണ്‍ഗ്രസ്; ലീഡ് കേവലഭൂരിപക്ഷം കടന്നു
X

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശില്‍ അല്‍പം ആശ്വാസം. ഹിമാചലല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 39 സീറ്റില്‍ കോണ്‍ഗ്രസും 26 സീറ്റില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് ലീഡ്. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകള്‍ മുതല്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ അധിപത്യം പുലര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

ഹിമാചല്‍ പ്രദേശില്‍ ഇനി എണ്ണനുള്ളത് 15 ശതമാനം വോട്ടുകള്‍ മാത്രമാണ്. 85 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഹിമാചലില്‍ ജയം ഉറപ്പിച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി. ഹിമാചല്‍പ്രദേശില്‍ ആകെ 68 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാല്‍നൂറ്റാണ്ടായി ആര്‍ക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി അധികാരം തുടരുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

ഇവരെ രാജസ്ഥാനിലേക്കോ ഛണ്ഡിഗഢിലേക്കോ മാറ്റുമെന്നാണ് വിവരം. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തിയതോടെ ഇവരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ബിജെപി നടത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്രസ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. അതേസമയം, ഭയം ബിജെപിക്കാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും. ബിജെപി അവരുടെ എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപറേഷന്‍ താമര ഹിമാചലില്‍ വിജയിക്കില്ല. ഗുജറാത്ത് തിരിച്ചടി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഖേര പറഞ്ഞു.

Next Story

RELATED STORIES

Share it