Sub Lead

ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍; തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശം

ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍; തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് നിര്‍ദേശം
X

ബംഗളൂരു: ഹിജാബ് വിഷയത്തില്‍ ഇടപ്പെട്ട് കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍. ഹിജാബ് വിഷയത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ വിവിധ കോളജുകളില്‍ മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം വിലക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍. അധ്യായന വര്‍ഷാരംഭത്തിലെ തല്‍സ്ഥിതി തുടരണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് ഹിജാബ് നിരോധിച്ച സംഭവത്തിന്റെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

'വിദ്യാഭ്യാസം ഒരു മൗലികാവകാശമാണ്. അവരെ കോളജില്‍ നിന്ന് തടയാന്‍ മൗലികാവകാശങ്ങളുടെ ലംഘനമല്ലേ?. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്'. സിദ്ധ രാമയ്യ പറഞ്ഞു. ഹിജാബ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉഡുപ്പി ഗവ. വനിത പി യു കോളജില്‍ എട്ട് വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വ സംഘടനാ നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്.

ഇതിന് തുടര്‍ച്ചയായി കുന്ദാപൂര്‍ ഗവ. കോളജിലും ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഹിജാബിനെതിരേ പ്രതിഷേധിച്ച ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജില്‍ എത്തിയത്. മുസ് ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ഭീഷണി. നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം കാവി ഷാള്‍ അണിഞ്ഞ് കോളജില്‍ എത്തിയത്.

അതേസമയം, ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ കുന്ദാപൂര്‍ ഗവ. കോളജ് മാനേജ്‌മെന്റിന്റെ കള്ളം പൊളിച്ചടക്കി വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. കോളജ് യൂനിഫോമില്‍ ഹിജാബിന് അനുമതി നല്‍കുന്നില്ലെന്ന് കോളജ് മാനേജ്‌മെന്റിനെ വാദമാണ് വിദ്യാര്‍ഥികള്‍ പൊളിച്ചടക്കിയത്. കോളജ് റൂള്‍ ബുക്കില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കോളജ് യൂനിഫോമിന്റെ നിറത്തിലുള്ള സ്‌കാര്‍ഫ് ധരിക്കാന്‍ വിദ്യാര്‍ഥിനികള്‍ അനുമതിയുണ്ടെന്ന് റൂള്‍ ബുക്കില്‍ വ്യക്തമാക്കുന്ന ഭാഗം സമരത്തിലുള്ള വിദ്യാര്‍ഥിനികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുത്തു.

കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുന്ദാപൂര്‍ ഗവ. കോളജിലെ മുസ് ലിം വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി ഗേറ്റ് അടച്ചത്. പരീക്ഷക്ക് രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കോളജ് അധികൃതരുടെ നടപടി. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടന ഹിജാബിനെതിരേ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ മുസ് ലിം വിദ്യാര്‍ഥിനികളെ പുറത്താക്കി ഗേറ്റ് അടച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്ത് നിര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഗേറ്റ് ശക്തമായ അടച്ചുപിടിച്ചു.

ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് പുറത്താക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയത്. അതിനിടെ, ഇന്നും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ പുറത്ത് നിര്‍ത്തി. വിദ്യാര്‍ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും കോളജില്‍ എത്തിയിരുന്നു. എന്നാല്‍, രക്ഷിതാക്കളേയും ഗേറ്റിന് പുറത്ത് നിര്‍ത്തി. വിദ്യാര്‍ഥിനികളുടെ സുരക്ഷ ചൂണ്ടിക്കാട്ടി കോളജ് കാംപസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കില്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയില്ല. വിദ്യാര്‍ഥിനികളെ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ആണ്‍കുട്ടികള്‍ കോളജിന് പുറത്ത് പ്രതിഷേധിച്ചു. കോളജിന് പുറത്ത് കുത്തിയിരുന്നാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

അതേസമയം, ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജില്‍ എത്തിയത്. കാവി ഷാള്‍ അണിഞ്ഞെത്തിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ജയ് ശ്രീരാം വിളികളുമായി കോളജിന് മുന്നില്‍ പ്രകടനം നടത്തി.

ഹിജാബ് നിരോധനം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് സംഘപരിവാരം. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഉഡുപ്പി എംഎല്‍എയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Next Story

RELATED STORIES

Share it