Sub Lead

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തിരിച്ചയച്ചു

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തിരിച്ചയച്ചു
X

ബംഗളൂരു: കര്‍ണാടകയില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും ഹിജാബ് വിഷയം ചര്‍ച്ചയാവുന്നു. മംഗളൂരുവില്‍ ദക്ഷിണ കന്നഡ ജില്ലയിലെ യൂനിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തിരിച്ചയച്ചു. ശനിയാഴ്ചയാണ് 12 ഓളം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയത്. എന്നാല്‍, അധികൃതര്‍ വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരമാണ് കോളജില്‍ ഹിജാബ് ധരിക്കുന്നതിന് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയത്.

ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോളജ് അധികാരികള്‍ വഴങ്ങിയില്ല. കോളജ് പ്രിന്‍സിപ്പല്‍ അവരെ ക്ലാസ് മുറികളില്‍ കടക്കുന്നതില്‍ നിന്ന് തടയുകയും ലൈബ്രറിയിലേക്ക് പോവാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. ക്ലാസ് മുറികളില്‍ യൂനിഫോം മാത്രമേ പാടുള്ളൂവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ശനിയാഴ്ച ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുത്തെങ്കിലും 12 വിദ്യാര്‍ഥികള്‍ അത് ധരിച്ചാണ് എത്തിയതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ ഹിജാബ് വിവാദം വീണ്ടും ഉയര്‍ന്നുവരുന്നതിനാല്‍ വിശ്രമമുറികളില്‍ ഹിജാബ് അഴിച്ചുവച്ചശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാന്‍ കോളജ് വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it