Sub Lead

ഹിജാബ് നിരോധനം: മംഗളൂരു യൂനിവേഴ്‌സിറ്റി കോളജുകളില്‍ നിന്ന് ടിസി വാങ്ങിയത് 16 ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍

ഹിജാബ് നിരോധനം: മംഗളൂരു യൂനിവേഴ്‌സിറ്റി കോളജുകളില്‍ നിന്ന് ടിസി വാങ്ങിയത് 16 ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍
X

മംഗളൂരു: ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് മംഗളൂരു യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ നിന്ന് 16 ശതമാനത്തോളം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ടിസി വാങ്ങിപ്പോയതായി റിപോര്‍ട്ട്. മംഗളൂരു യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ഥിനികളാണ് ടിസി വാങ്ങിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സര്‍വകലാശാലയ്ക്ക് കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന 900 മുസ്‌ലിം പെണ്‍കുട്ടികളില്‍ 145 പേരും ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് പഠനം അവസാനിപ്പിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളെ അടിസ്ഥാനപ്പെടുത്തി ഡെക്കാന്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ചിലര്‍ ഹിജാബ് അനുവദനീയമായ കോളജുകളില്‍ ചേര്‍ന്നതായാണ് റിപോര്‍ട്ട്.

സര്‍ക്കാര്‍ കോളജുകളില്‍ നിന്ന് ടിസി വാങ്ങുന്ന വിദ്യാര്‍ഥിനികളുടെ എണ്ണമാണ് കൂടുതല്‍. ഏകദേശം 34 ശതമാനത്തോളം വിദ്യാര്‍ഥിനികളാണ് സര്‍ക്കാര്‍ കോളജുകളില്‍ നിന്നു മാത്രം ഹിജാബ് വിഷയത്തില്‍ ടിസി വാങ്ങിപ്പോയത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഇത് എട്ട് ശതമാനമാണെന്നാണ് റിപോര്‍ട്ട്. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലുമായി 36 സര്‍ക്കാര്‍ കോളജുകളും 34 എയ്ഡഡ് കോളജുകളുമാണുള്ളത്. ഉഡുപ്പിയില്‍ ഹിജാബ് നിരോധനത്തിന്റെ പേരില്‍ 14 ശതമാനം വിദ്യാര്‍ഥിനികളാണ് ടിസി വാങ്ങിയത്. ദക്ഷിണ കന്നഡയില്‍ ഇത് 13 ശതമാനമാണ്.

ഹിജാബ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട അജ്ജര്‍കഡ് ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളജിലെ പഠനം ഉപേക്ഷിച്ചത് ഒമ്പത് വിദ്യാര്‍ഥിനികളാണ്. എയ്ഡഡ് കോളജുകളില്‍ ഉജിരെയിലെ എസ്ഡിഎം കോളജിലും (11), കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്‌സ് കോളജിലുമാണ് (13) ഏറ്റവും കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ടിസി വാങ്ങിയത്. ഹിജാബ് വിഷയത്തില്‍ സംഘര്‍ഷമുണ്ടായ ഉപ്പിനങ്ങാടി ഒന്നാം ഗ്രേഡ് ഗവര്‍ണ്‍മെന്റ് കോളജില്‍ നിന്നും ആരും ടിസി വാങ്ങിയിട്ടില്ല. ഹാളേയങ്ങാടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലെ ആദ്യ സെമസ്റ്ററുകളില്‍ ഹാജരായ 20 പെണ്‍കുട്ടികള്‍ ടിസി വാങ്ങിപ്പോയി. ക്ലാസില്‍ ഹാജരാവാനുള്ള തന്റെ അഭ്യര്‍ഥന വിദ്യാര്‍ഥികള്‍ അവഗണിച്ചെന്ന് കോളജ് പ്രിന്‍സിപ്പല്‍ ശ്രീധര്‍ പറഞ്ഞു. ടിസി പോലും ചിലര്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവിലെ യൂനിവേഴ്‌സിറ്റി കോളജില്‍ അഞ്ചാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ഗൗസിയ എന്ന വിദ്യാര്‍ഥി സ്വകാര്യകോളജില്‍ പ്രവേശനം നേടിയതായി പ്രതികരിച്ചിട്ടുണ്ട്. ആറാം സെമസ്റ്റര്‍ 2023 മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. തങ്ങളുടെ കോമ്പിനേഷനുമായി കോളജുകളില്‍ പ്രവേശനം നേടുന്നതിന് സഹായം തേടി നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ തന്നെ കണ്ടിട്ടുണ്ടെന്ന് മംഗളൂരു യൂനിവേഴ്‌സിറ്റി വിസി പ്രഫ.യദ്പാഡിത്തയ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍, കര്‍ണാടക സ്‌റ്റേറ്റ് ഓപണ്‍ യൂനിവേഴ്‌സിറ്റിയെ (കെഎസ്ഒയു) സമീപിക്കാന്‍ താന്‍ അവരോട് നിര്‍ദേശിച്ചിരുന്നു- വിസി ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. മതത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് താന്‍ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള സൈക്കോളജിസ്റ്റും ആക്ടിവിസ്റ്റുമായ റുക്‌സാന ഹസ്സന്‍ മുസ്‌ലിം പെണ്‍കുട്ടികളോട് 'വികാരഭരിതരാവാതെ' അവരുടെ വിദ്യാഭ്യാസം തുടരണമെന്ന് അഭ്യര്‍ഥിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിരവധി പെണ്‍കുട്ടികള്‍ സ്വകാര്യ കോളജുകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ടാലന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ടിആര്‍എഫ്) ചെയര്‍മാന്‍ റിയാസ് അഹമ്മദ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

Next Story

RELATED STORIES

Share it