Sub Lead

തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം

ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്ത് എത്തിയിരിക്കുകയാണ്.

തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ; വെള്ളക്കെട്ട് രൂക്ഷം
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം-അടിവാരം മേഖലയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

തിരുവനന്തപുരം കഴക്കൂട്ടത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ ചെമ്പക മംഗലത്ത് ഒരു വീടിന്റെ ചുമര് ഇടിഞ്ഞുവീണ് രണ്ടു കുട്ടികള്‍ അടക്കം ഒരു വീട്ടിലെ നാല് പേര്‍ക്ക്‌ പരിക്കേറ്റു. കൈലാത്തുകോണത്ത് പ്രിജിത ഭവനില്‍ ബിനുകുമാര്‍, ഭാര്യ സജിത മക്കളായ അഭിജിത്ത് (9)അഭിത (12) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച പുലര്‍ച്ച വരേയും പെയ്ത കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ഇപ്പോള്‍ മൂടിക്കെട്ടിയ കാലവസ്ഥയാണെങ്കിലും നഗരത്തില്‍ മഴ പെയ്യുന്നില്ല.

അതേ സമയം മലയോര മേഖലയില്‍ ഇന്നലെ രാത്രി മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഇന്ന് രാവിലെ വീണ്ടും ശക്തമായ മഴ പെയ്യുന്നു. വാമനപുരം നദിയില്‍ ജലനിരപ്പ് കുടുതല്‍ ആണ്.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളില്‍ മഴ പെയുതവെന്നാണ് പറയുന്നത്. മുണ്ടക്കയത്ത് കാര്യമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ജാഗ്രത നിര്‍ദേശത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട് മണിമലയാറിലെ ജലനിരപ്പ്. കാഞ്ഞിരപ്പള്ളി-ഈരാറ്റു പേട്ട റോഡില്‍ വെളളം കയറി. കൈത്തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. നിലവില്‍ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ ആറ്റിലാണ് ഏറ്റവും കൂടുതല്‍ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്‌നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കക്കി-ആനത്തോട് ഡാം തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

ആലപ്പുഴയില്‍ രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാഹചര്യമാണുള്ളത്. ചിലയിടങ്ങളില്‍ ഇതിനോടകം വെള്ളംകയറിയിട്ടുണ്ട്. മഴ തുടരുന്നത് കര്‍ഷകരേയും ആശങ്കയിലാക്കിയിട്ടുണ്ട്.

കൊല്ലത്തിന്റെ മലയോര മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ മഴ തുടരുന്നുണ്ട്. നഗരത്തിലും രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ഇടിയോട് കൂടിയുള്ള മഴ തുടരുന്നുണ്ട്. നഗരഭാഗങ്ങളില്‍ മഴ ശക്തമല്ല. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരള തീരത്ത് എത്തിയിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ കലക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി കെ രാജന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇന്നുച്ചയ്ക്ക് 1.30 നാണ് യോഗം.

Next Story

RELATED STORIES

Share it