Kerala

കനത്ത മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

അതേസമയം മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
X

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും അവധി ആയിരിക്കും. കോഴിക്കോട് പത്തനംതിട്ട, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.

രണ്ടായിരത്തോളം ജനങ്ങള്‍ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും ജൂലൈ ഏഴിന് പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. മുന്‍നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

ജില്ലയിലെ മണിമല, പമ്പാ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകള്‍ ഇല്ലാ എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളയിലെ ഷട്ടറുകള്‍ തുറന്നിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ ജൂലൈ ഏഴ് വെള്ളിയാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

സ്‌കൂളുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ചുറ്റുമതില്‍, പഴയ ക്ലാസ്‌റൂമുകള്‍ തുടങ്ങിയവ പിടിഎ, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് നാളെ അവധി നല്‍കുന്നത്.

കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, ഐ സി എസ് ഇ/സി ബി എസ് ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ ഏഴ് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഈ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. വെള്ളിയാഴ്ച ജില്ലയില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( വെള്ളി ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു





Next Story

RELATED STORIES

Share it