Sub Lead

അടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

അടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മണ്‍സൂണ്‍ പാത്തി കൂടുതല്‍ തെക്കോട്ട് നീങ്ങിയതും, ജാര്‍ഖണ്ഡിന് മുകളിലെ ന്യൂന മര്‍ദ്ദവുമാണ് മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. തൃശ്ശൂര്‍ തൃക്കൂരില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ വേലായുധന്റെ വീടാണ് തകര്‍ന്നത്. ഇടുക്കി പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം പൊന്‍പള്ളിക്ക് സമീപം വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലം പുനലൂര്‍നെല്ലിപ്പള്ളിയില്‍റോഡിന്റെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു.

പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണ ഭിത്തിയാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്ന് കല്ലടയാറ്റില്‍ പതിച്ചത്. എറണാകുളം പൂയംകുട്ടിയിലെ മണികണ്ഠന്‍ ചാല്‍ പാലം മുങ്ങി. ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠന്‍ചാലിലേക്കുമുള്ള ഏകപ്രവേശന മാര്‍ഗമാണ് ഈ പാലം. ഇതോടെ ഈ പ്രദേശം ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

Next Story

RELATED STORIES

Share it