Sub Lead

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകി, നിരവധി വീടുകളില്‍ വെളളം കയറി, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകി, നിരവധി വീടുകളില്‍ വെളളം കയറി, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. കോഴിക്കോട് മലയോര, തീരദേശ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവരെ മാറ്റി താമസിപ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകി ജാനകിക്കാട് റോഡില്‍ വെള്ളം കയറി. ജാനകിക്കാടിനടുത്ത് തുരുത്തില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

സമീപം കനത്ത മഴയെതുടര്‍ന്ന് ചാലിയം ഫാറൂഖ് പള്ളിയുടെ സമീപ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഡ്രെയ്‌നേജ് അടഞ്ഞതിനാല്‍ മഴവെള്ളം ഒഴിഞ്ഞുപോവുന്നത് തടസ്സപ്പെട്ടതോടെയാണ് പ്രദേശത്ത് വെള്ളം കയറിയത്. ശക്തമായ കടല്‍ക്ഷോഭം മൂലം പ്രദേശത്തേക്ക് വെള്ളം ഇരച്ചുകയറുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അടഞ്ഞ ഡ്രെയ്‌നേജ് തുറന്ന് വെള്ളം ഒഴുക്കി വിടാനുള്ള ശ്രമത്തിലാണ് പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍.

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റി. ഇതില്‍ എട്ട് പുരുഷന്‍മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി.

കോട്ടയത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് റെയില്‍പാതയില്‍ ഇന്ന് അറ്റകുറ്റപ്പണി നടത്തും. വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. മഴയെ തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് അന്ധകാരനഴി പൊഴി മുറിക്കാന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ജോലികള്‍.

കണ്ണൂരില്‍ ശക്തമായ മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് വീട്ടുടമ മരിച്ചിരുന്നു. മഠത്തില്‍ ഹംസയാണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഇദ്ദേഹത്തിന്റെ മകനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it