Big stories

സംസ്ഥാനത്ത് ജൂണ്‍ വരെ ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിഗമനം

രാജ്യത്താകെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ചൂടിന്റെ ശരാശരി വര്‍ധനവ് സംബന്ധിച്ച് കാലാവസ്ഥാവകുപ്പ് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഈ സീസണ്‍ ആകെയെടുത്താല്‍ ചൂടിന്റെ ശരാശരി വര്‍ധന അര ഡിഗ്രി സെല്‍ഷ്യസ് മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനു താഴെ വരെ എത്തും.

സംസ്ഥാനത്ത് ജൂണ്‍ വരെ ചൂട് തുടരുമെന്ന്   കാലാവസ്ഥ വകുപ്പിന്റെ നിഗമനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ഈ സമയത്ത് കേരളത്തിലെ ചൂട് ദീര്‍ഘകാല ശരാശരിയെക്കാള്‍ കൂടുതലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്താകെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ചൂടിന്റെ ശരാശരി വര്‍ധനവ് സംബന്ധിച്ച് കാലാവസ്ഥാവകുപ്പ് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തില്‍ ഈ സീസണ്‍ ആകെയെടുത്താല്‍ ചൂടിന്റെ ശരാശരി വര്‍ധന അര ഡിഗ്രി സെല്‍ഷ്യസ് മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനു താഴെ വരെ എത്തും.

ദിവസേനയുള്ള ചൂടിലും വര്‍ധനവുണ്ടാവും. അത് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അഞ്ചുദിവസം കൂടുമ്പോഴാണ് ദിവസേനയുള്ള ചൂടിലെ വ്യതിയാനം കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ജൂണില്‍ കേരളത്തില്‍ മഴക്കാലമാണ്.

അതിനാല്‍ ഏപ്രില്‍, മേയ് മാസങ്ങളിലാവും കേരളത്തില്‍ കൂടിയ ചൂട് അനുഭവപ്പെടുക.വരുംദിവസങ്ങളില്‍ കേരളത്തില്‍ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് (മിനിമം ടെമ്പറേച്ചര്‍) ശരാശരിയില്‍നിന്ന് അര ഡിഗ്രിമുതല്‍ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് (മാക്‌സിമം ടെമ്പറേച്ചര്‍) അര ഡിഗ്രി കുറയാനും അത്രതന്നെ കൂടാനും സാധ്യതയുണ്ട്.

രാജ്യത്തെ ഉഷ്ണതരംഗ മേഖലകളായ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നു. എന്നാല്‍, കേരളം ഉഷ്ണതരംഗ മേഖലയില്‍ പെടുന്നില്ല.പസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ ദുര്‍ബലമായ 'എല്‍നിനോ' പ്രതിഭാസമുണ്ട്. ജൂണ്‍വരെ ഇത് തുടരും. എന്നാല്‍, കാലവര്‍ഷത്തെ ഇത് ബാധിക്കുമോ എന്ന് കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.

അതേസമയം, പാലക്കാട്ടും ആലപ്പുഴയിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പാലക്കാട്ട് 40ഉം ആലപ്പുഴയില്‍ 37.2 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്. ഇന്നും ഈ രണ്ടു ജില്ലകളിലും ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലായിരിക്കും.വയനാട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ കൂടുതലായിരിക്കും.

സംസ്ഥാനത്ത് ഇതുവരെ നിരവധി പേര്‍ക്കാണ് സൂര്യാതപമേറ്റത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്.

Next Story

RELATED STORIES

Share it