Big stories

ഹിന്ദുമഹാ സമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് കസ്റ്റഡിയില്‍

ഹിന്ദുമഹാ സമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് കസ്റ്റഡിയില്‍
X

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോര്‍ജിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ജോര്‍ജിനെയുമായി പോലിസ് സംഘം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് ജോര്‍ജ് തിരുവനന്തപുരത്തേയ്ക്കു വരുന്നത്. ഈ വാഹനത്തില്‍ ഷോണ്‍ ജോര്‍ജും ഒരു എസ്‌ഐയും ഉണ്ടെന്നാണ് റിപോര്‍ട്ട്. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് ജോര്‍ജിനെതിരേ കേസെടുത്തത്.


പി സി ജോര്‍ജിനെതിരേ നടപടിയാവശ്യപ്പെട്ട് എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഫോര്‍ട്ട് പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ഒന്നുവരെ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്നാവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

'യൂസഫലിയുടെ മാള്... ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാന്‍ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്ലിംകളുടെ കാശ് അങ്ങേര്‍ക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവന്‍ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓര്‍ത്തുപ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദു:ഖിക്കേണ്ടി വരും. പറഞ്ഞേക്കാം.

യാതൊരു സംശയവും വേണ്ട.' പ്രസംഗത്തില്‍ ജോര്‍ജ് പറഞ്ഞു. 'ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാന്‍ കേട്ടതു ശരിയാണെങ്കില്‍ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലര്‍ വച്ചിരിക്കുകയാ... ചായയ്ക്കുള്ളില്‍ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാല്‍ മതി. ഇംപൊട്ടന്റ് ആയിപ്പോവും. പിന്നെ പിള്ളേരുണ്ടാവില്ല.' അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. വെള്ളത്തിന് തീപ്പിടിപ്പിക്കുന്ന വര്‍ഗീയതയാണ് ജോര്‍ജ് പറഞ്ഞത്. മുന്‍കൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it