Sub Lead

ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിന്

ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭത്തിന്
X

ന്യൂഡല്‍ഹി: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നു. വാരാണസി കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തും എസ്ഡിപിഐ പ്രതിഷേധവുമായി തെരുവിലിറങ്ങി. കേരളം, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്നലെ രാത്രിയിലും വിവേചനപരമായ വിധിക്കെതിരേ പ്രതിഷേധമുയര്‍ന്നു. ചൊവ്വാഴ്ച കേരളത്തില്‍ മണ്ഡലം തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കോടതി വിധിക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറും.


കേരളത്തില്‍ രാത്രി 10 മണിയോടെയാണ് നൂറുകണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിധിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് രാജ്ഭവന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു. വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവിനെ എസ്ഡിപിഐ ശക്തമായി അപലപിച്ചു.


രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യവിശ്വസികള്‍ക്കുമെതിരായ വിധിയാണെങ്കില്‍ അത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, തിരുവനന്തപുരം, നേമം മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രിയില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവിനെ എസ്ഡ്പിഐ ശക്തമായി അപലപിച്ചിട്ടുണ്ട്. 1947 ആഗസ്ത് 15ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991 ന്റെ നഗ്‌നമായ ലംഘനമാണ് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി.


ഒരു മതവിഭാഗത്തിന്റെയും വിശുദ്ധമായ സ്ഥലങ്ങളില്‍ ആരും കടന്നുകയറരുതെന്ന് പ്രസ്തുത നിയമം ഉറപ്പിച്ചുപറയുന്നു. ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കവും തടസ്സവും പുതിയ കാര്യമല്ല. എന്നാല്‍, മറ്റ് മതവിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ നിര്‍മിച്ചതും ഉടമസ്ഥതയിലുള്ളതുമായ ആരാധനാലയങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും ഉടമസ്ഥാവകാശം ഇല്ലാതാക്കുക, നശിപ്പിക്കുക, തട്ടിയെടുക്കുക എന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. അവര്‍ സ്വയം അവകാശപ്പെടുന്നതുപോലെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതും പൊളിക്കാനോ കവര്‍ന്നെടുക്കാനോ 3,000 മസ്ജിദുകളുടെ പട്ടിക അവര്‍ തയ്യാറാക്കിയിട്ടുണ്ട്.


പട്ടികയിലെ രണ്ടാമത്തെ മസ്ജിദാണ് ഗ്യാന്‍ വാപി, ബാബരി മസ്ജിദ് ആണ് ആദ്യത്തേത്. ബാബരി മസ്ജിദിന്റെ അതേ രീതിയാണ് ഗ്യാന്‍ വാപി മസ്ജിദിന്റെ കാര്യത്തിലും പിന്തുടരുന്നത്. മനുവാദ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള യാത്രയിലെ പ്രധാന ലക്ഷ്യങ്ങളാണ് 'വിദേശ' മതങ്ങളുടെയും അവയുടെ ചിഹ്‌നങ്ങളുടെയും നാശവും ഉന്‍മൂലനവും. അവരുടെ പ്രഖ്യാപിത ലക്ഷ്യം കൈയെത്തും ദൂരത്തെത്തിയിരിക്കുന്നു. ഗ്യാന്‍ വാപിയുടെ കാര്യത്തിലും ബാബരി മസ്ജിദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിശയിക്കാനില്ല. എന്നാല്‍, രാജ്യത്തെ മതേതര ജനതയുടെ പിന്തുണയോടെ മസ്ജിദും രാജ്യത്തെ സമാധാനവും തകര്‍ക്കുന്ന അത്തരം ഏത് പ്രവൃത്തിയെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുക തന്നെ ചെയ്യുമെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it