Sub Lead

ഗുഡ്ഗാവില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വെള്ളിയാഴ്ചയും ജുമുഅ തടസ്സപ്പെടുത്തി ഹിന്ദുത്വര്‍ (വീഡിയോ)

ഗുഡ്ഗാവിലെ സെക്ടര്‍ 12 എയില്‍ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരമാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. പ്രാര്‍ത്ഥനകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.

ഗുഡ്ഗാവില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വെള്ളിയാഴ്ചയും ജുമുഅ തടസ്സപ്പെടുത്തി ഹിന്ദുത്വര്‍ (വീഡിയോ)
X

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഭരണകൂടം നിശ്ചയിച്ച തുറസ്സായ സ്ഥലത്ത് നടന്ന മുസ്‌ലിംകളുടെ ജുമുഅ പ്രാര്‍ഥന ഹിന്ദുത്വര്‍ ജയ്ശ്രീറാം വിളികളുമായെത്തി വീണ്ടും തടസ്സപ്പെടുത്തി. ഗുഡ്ഗാവിലെ സെക്ടര്‍ 12 എയില്‍ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരമാണ് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. പ്രാര്‍ത്ഥനകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.

തുറസ്സായ സ്ഥലത്തെ നമസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാമത്തെ വെള്ളിയാഴ്ചയാണ് തീവ്ര ഹിന്ദുത്വ വലതുപക്ഷ അനുകൂലികള്‍ ഗുഡ്ഗാവ് നഗരത്തിലെ ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, സെക്ടര്‍ 12ല്‍ ആദ്യമായാണ് ഇത്തരമൊരു ശ്രമം.

ഇതുവരെ 14ല്‍ ആയിരുന്നു ഹിന്ദുത്വരുടെ പ്രതിഷേധം. എന്നാല്‍ ഭരണകൂടത്തിന്റെ ഇടപെടലിനുശേഷം ഇവിടെയുള്ള പ്രതിഷേധങ്ങള്‍ അവര്‍ മാറ്റിവച്ചിരുന്നു.

മുസ്‌ലിംകള്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നതിന്റെ തൊട്ടടുത്ത് നിന്ന് ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതിന്റേയും പോലിസ് സംഘം ബാരിക്കേഡ് വച്ച് ഇവരെ തടയുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

'ഇന്ന് ആളുകള്‍ തൊട്ടടുത്തെത്തി. അവരെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. മുസ്‌ലിംകള്‍ സംയമനം പാലിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമായിരുന്നു'-ക്ലാരിയോണ്‍ ഇന്ത്യയുമായി സംസാരിക്കവെ, ഗുഡ്ഗാവ് ഏകതാ മഞ്ച് എന്ന സിവില്‍ സൊസൈറ്റി ഫോറത്തിന്റെ സഹസ്ഥാപകനായ അല്‍ത്താഫ് അഹ്മദ് പറഞ്ഞു.

മുന്‍ ബിജെപി നേതാവും അഭിഭാഷകനുമായ കുല്‍ഭൂഷണ്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് ജുമുഅ തടസ്സപ്പെടുത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചു. വര്‍ഗീയപ്രസംഗം നടത്തിയതിന് മുന്‍ ബിജെപി നേതാവ് കുല്‍ഭൂഷണ്‍ ഭരദ്വാജിനെ അറസ്റ്റ് ചെയ്തു. നിസ്‌കാരം ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നുവെന്നാണ് ആരോപണം.

പരാതികള്‍ പരിശോധിക്കാമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. എന്നാല്‍ 2018ല്‍ ഭരണകൂടം നിശ്ചയിച്ച സ്ഥലത്താണ് പ്രാര്‍ത്ഥന നടക്കുന്നത്.

എന്‍ഡിടിവിയുടെ അഭിപ്രായത്തില്‍, കഴിഞ്ഞയാഴ്ച ഈ വിഷയം വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്ന് ഹരിയന്‍ മന്ത്രി എംഎല്‍ ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ആരും വികാരങ്ങളെ വ്രണപ്പെടുത്തരുത്, ആരും പ്രാര്‍ത്ഥന തടസ്സപ്പെടുത്തരുത്. കൂടാതെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച പ്രകാരം അവര്‍ നിയുക്ത സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അത് തടസ്സപ്പെടുത്തരുത്'- അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it