Sub Lead

ജുമുഅക്കായി മുസ്‌ലിംകളെ ക്ഷണിച്ച് ഗുരുദ്വാരകള്‍; സ്‌നേഹപൂര്‍വം നിരസിച്ച് വിശ്വാസികള്‍

ഇന്നലെ സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജയന്തി (ഗുരുപുര്‍ബ്) ആഘോഷങ്ങള്‍ നടക്കുന്നതിനാലായിരുന്നു ഇസ്‌ലാം മത വിശ്വാസികള്‍ സിഖ് സമുദായത്തിന്റെ ഈ വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ചത്.

ജുമുഅക്കായി മുസ്‌ലിംകളെ ക്ഷണിച്ച് ഗുരുദ്വാരകള്‍; സ്‌നേഹപൂര്‍വം നിരസിച്ച് വിശ്വാസികള്‍
X

ഗുഡ്ഗാവ്: നഗരത്തിലെ പൊതുയിടങ്ങളില്‍ മുസ്‌ലിംകള്‍ ജുമുഅ (വെള്ളിയാഴ്ച പ്രാര്‍ഥന) നിര്‍വഹിക്കുന്നത് അടുത്തിടെ സംഘപരിവാരം നിരന്തരം തടസ്സപ്പെടുത്തി വരികയാണ്. ജുമുഅ നടക്കുന്ന മൈതാനങ്ങളിലേക്ക് ജയ്ശ്രീറാം വിളികളുമായെത്തി പ്രകോപനം സൃഷ്ടിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് മതസൗഹാര്‍ദ്ധത്തിന്റെ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്ത് സിഖ് സമുദായം മുസ്‌ലിം സഹോദരങ്ങള്‍ക്കായി ഗുഡ്ഗാവിലെ തങ്ങളുടെ ആരാധനാലയങ്ങളായ ഗുരുദ്വാരകള്‍ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇന്നലത്തെ ജുമുഅ പ്രാര്‍ഥനകള്‍ക്ക് ഗുരുദ്വാരകള്‍ തുറന്നുകൊടുക്കുമെന്നായിരുന്നു ഗുഡ്ഗാവിലെ ഗുരുദ്വാര സിങ് സഭ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, ഈ വാഗ്ദാനം മുസ്‌ലിംകള്‍ സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

ഇന്നലെ സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജയന്തി (ഗുരുപുര്‍ബ്) ആഘോഷങ്ങള്‍ നടക്കുന്നതിനാലായിരുന്നു ഇസ്‌ലാം മത വിശ്വാസികള്‍ സിഖ് സമുദായത്തിന്റെ ഈ വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ചത്. ഗുരുപുര്‍ബിന്റെ പശ്ചാത്തലത്തില്‍ ഗുരുദ്വാരകളില്‍ നമസ്‌കരിക്കുന്നില്ലെന്ന് മുസ്‌ലിംകള്‍ അറിയിക്കുകയായിരുന്നു.

ഈ വെള്ളിയാഴ്ച നമാസ് അനുവദിക്കാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നുവെങ്കിലും ഗുരുപുരാബ് കാരണം മുസ്‌ലിം സമൂഹം ഗുരുദ്വാരകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയില്ലെന്ന് ഗുരുദ്വാര സിങ് സഭാ കമ്മിറ്റി വക്താവും അഖിലേന്ത്യ പീസ് മിഷന്‍ പ്രസിഡന്റുമായ ദയാ സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ഗുരുദ്വാരകളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ഉടന്‍ തീരുമാനം കൈകൊള്ളുമെന്നും സിങ് അറിയിച്ചു.

'തുറസ്സായ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മുസ്ലീങ്ങള്‍ക്ക് തടസ്സം നേരിടുകയാണെങ്കില്‍, ഗുരുദ്വാരകള്‍ അതിനായി ഉപയോഗിക്കാം. എന്നാല്‍ കമ്മിറ്റി അംഗങ്ങളുമായുള്ള സംഭാഷണത്തിന് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

1984ല്‍ സിഖ് വിരുദ്ധ കലാം നടക്കുന്ന വേളയില്‍ സിഖുകാര്‍ക്ക് സംരക്ഷണം നല്‍കിയത് മുസ്ലിങ്ങളാണ്. ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ച് മുസ്ലിങ്ങള്‍ അന്ന് സാഹോദര്യത്തിന്റെ മാതൃക കാട്ടി. അതൊന്നും ഞങ്ങള്‍ മറന്നിട്ടില്ലെന്നും ഗുരുദ്വാര കമ്മിറ്റി വക്താവ് ദയ സിങ് പറഞ്ഞു.

അതേസമയം, പ്രദേശവാസിയായ ഒരാള്‍ മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ തന്റെ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലഖിറാം യദുവന്‍ശിയാണ് മതസാഹോദര്യത്തിന്റെ മാതൃക തീര്‍ത്തത്. മുസ്ലിം ഏകത മഞ്ചുമായി ബന്ധപ്പെട്ട് ഇദ്ദേഹം കാര്യം അറിയിക്കുകയും ചെയ്തു. മുസ്ലിം സഹോദരങ്ങള്‍ പ്രയാസം നേരിടുന്നുണ്ടെന്നറിഞ്ഞു. പ്രദേശത്തെ സമാധാനം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാനുള്ള സ്ഥലം ഞാന്‍ നല്‍കാമെന്നും ലഖിറാം യദുവന്‍ശി പറഞ്ഞു.

വ്യാഴാഴ്ചയാണ് സിഖ് ഗുരുദ്വാരകളുടെ കമ്മിറ്റി സുപ്രധാനമായ തീരുമാനം എടുത്തത്. മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ ഗുരുദ്വാരകളുടെ കവാടം തുറന്നിടുമെന്നായിരുന്നു പ്രഖ്യാപനം. ഗുരുഗ്രാമില്‍ മുസ്ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ഇത്. എട്ടിടങ്ങളില്‍ മുസ്ലിങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത് നിരോധിച്ച് ഗുരുഗ്രാം ഭരണകൂടം ഉത്തരവിറക്കുകയും ചെയ്തു. പ്രദേശവാസികളുടെ എതിര്‍പ്പ് കാരണമായിട്ടാണ് മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനുണ്ടായിരുന്ന അനുമതി റദ്ദാക്കിയത്.

Next Story

RELATED STORIES

Share it