Sub Lead

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സേനയ്ക്കു നേരെ വെടിവയ്പും ബോംബേറും

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സേനയ്ക്കു നേരെ വെടിവയ്പും ബോംബേറും
X

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പും ബോംബേറുമുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ബാരക്കുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് അസം റൈഫിള്‍, ബിഎസ്എഫ്, സംസ്ഥാന പോലിസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍ തിരിച്ചടിച്ചു. ദിവസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് മണിപ്പുര്‍ പോലിസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് വെടിവയ്പുണ്ടായിരുന്നു. തെങ്‌നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി രണ്ടിനു വെടിവയ്പുണ്ടായത്. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ, മൊറോയിലെ സുരക്ഷാപ്രശ്‌നം സംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് രണ്ട് പത്രങ്ങളുടെ എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തു.

ഹ്യൂയേന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്റര്‍ ധനബീര്‍ മൈബത്തെ ക്രിമിനല്‍ ഗൂഢാലോചനയും 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ 31നു നടന്ന ഒന്നിലധികം ആക്രമണങ്ങളില്‍ ഒരു മുതിര്‍ന്ന ഡിവിഷനല്‍ പോലീസ് ഓഫിസര്‍ മരണപ്പെടുകയും സുരക്ഷാ സേനയിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ മൂന്ന് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ 29ന് കാംഗ്ലീപക്കി മീരയുടെ എഡിറ്റര്‍ ഇന്‍ ചീഫ് വാങ്‌ഖേംച ശ്യാംജയെ അറസ്റ്റ് ചെയ്തിരുന്നു. 31നാണ് ശ്യാംജയ്ക്ക് ജാമ്യം ലഭിച്ചത്. ക്രമസമാധാന നില വഷളാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ സപ്തംബറില്‍ സംസ്ഥാനം സന്ദര്‍ശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘത്തിനെതിരേ മണിപ്പൂര്‍ പോലിസ് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it