Sub Lead

നിലവിളിയായി ഒടുങ്ങിയത് 2000ലേറെ ജീവനുകള്‍; വെറും കാഴ്ച്ചക്കാരായി ഒരു സര്‍ക്കാര്‍

അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.

നിലവിളിയായി ഒടുങ്ങിയത് 2000ലേറെ ജീവനുകള്‍; വെറും കാഴ്ച്ചക്കാരായി ഒരു സര്‍ക്കാര്‍
X

2002 ഫെബ്രുവരി 27. സമയം രാവിലെ 7.43. അയോധ്യയില്‍നിന്നു മടങ്ങുന്ന കര്‍സേവകരെയുംകൊണ്ട് സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചു. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളിയില്‍ മരണത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഗുജറാത്തെന്ന ഹിന്ദുത്വപരീക്ഷണശാലയിലെ ഏതോ നികൃഷ്ടമായ തലകളില്‍ രൂപംകൊണ്ട ഹീനപദ്ധതിയുടെ വിസില്‍മുഴക്കം കൂടിയായിരുന്നു ആ ചൂളംവിളി.

എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന രീതിയിലേക്ക് ആളിപ്പടരാന്‍ അധികസമയം വേണ്ടിവന്നില്ല. ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവുമെന്ന നരേന്ദ്രമോഡിയുടെ ആക്രോശത്തിനിടയില്‍ മതേതരശബ്ദങ്ങള്‍പോലും വിറങ്ങലിച്ചുനിന്നു. സബര്‍മതി എക്‌സ്പ്രസില്‍ കര്‍സേവകര്‍ മടങ്ങിവരുന്നു എന്ന വിവരം സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിനുപോലും അറിവുണ്ടായില്ലെന്നിരിക്കെ 5 മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിക്കു മുന്‍കൂട്ടി ഗൂഢാലോചന നടത്തി എങ്ങനെ തീവയ്ക്കും എന്ന സാമാന്യയുക്തിയൊന്നും ആരെയും അലോസരപ്പെടുത്തിയില്ല.

സമാധാനത്തിന്റെയും അഹിംസയുടെയും അമരക്കാരനായ മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ നാട്ടില്‍ത്തന്നെ പരാജയപ്പെടുത്തുന്നതില്‍ സംഘപരിവാരം വിജയംകണ്ട ദിനങ്ങളായിരുന്നു പിന്നീട്. നീറോ വീണ വായിച്ചുകൊണ്ടിരിക്കെ ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം കത്തിയെരിഞ്ഞു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി.

സംഘര്‍ഷനാളുകളില്‍ ഗുജറാത്തില്‍ വിന്യസിച്ച സൈനിക തലവന്‍ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ കലാപ നാളുകളിലെ അനുഭവത്തെക്കുറിച്ച് ഈയിടെ പുറത്തിറങ്ങിയ തന്റെ ഓര്‍മക്കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യയെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന്റെ നേര്‍ചിത്രമാണ് ദി സര്‍ക്കാരി മുസല്‍മാന്‍: ദി ലൈഫ് ആന്റ് ട്രാവൈല്‍സ് ഓഫ് എ സോള്‍ജ്യര്‍ എജുക്കേഷനിസ്റ്റ് എന്ന പുസ്തകം വരച്ചു കാട്ടുന്നത്. പോലിസ് തികഞ്ഞ പരാജയമായിരുന്നുവെന്ന് സമീറുദ്ദീന്‍ ഷാ പറയുന്നു.


ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ

ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ

കലാപത്തിന്റെ ആദ്യ ദിവസങ്ങളില്‍ പോലിസിന്റെ കൈയിലുണ്ടായിരുന്നത് ലാത്തി മാത്രമായിരുന്നു. തോക്ക് ഉപയോഗിക്കാനുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ അവര്‍ വെറും കാഴ്ച്ചക്കാരായി. ആയുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ വളഞ്ഞ ലഹളക്കാര്‍ക്കു നേരെയല്ല മറിച്ച് ഭീതിയില്‍ കഴിഞ്ഞിരുന്ന ന്യൂനപക്ഷങ്ങളുടെ വീടുകളുടെ ജനാലകളിലേക്കാണ് പോലിസ് വെടിയുതിര്‍ത്തതെന്ന് അദ്ദേഹം പറയുന്നു.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ തീവണ്ടിക്ക് തീയിട്ടതില്‍ പ്രതിഷേധിച്ച് 28ന് ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. തീപ്പിടിത്തത്തില്‍ വെന്തെരിഞ്ഞ മൃതദേഹങ്ങള്‍ അഹ്മദാബാദിലെത്തിച്ച് നഗരപ്രദക്ഷിണം നടത്തിയതാണ് കലാപത്തീ പടര്‍ത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വ്യാപകമായ കൊള്ളയും കൊലയും കൊള്ളിവയ്പ്പും നടന്നു. വൈകുന്നേരത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി സംസ്ഥാന സര്‍ക്കാര്‍ പട്ടാളത്തെ വിളിച്ചത്. ജോധ്പൂരില്‍ നിന്ന് വ്യോമ മാര്‍ഗം ഗുജറാത്തിലെത്താനും കലാപം എത്രയും പെട്ടെന്ന് അടിച്ചമര്‍ത്താനുമായിരുന്നു സൈനിക മേധാവി ജനറല്‍ പാഡിയുടെ നിര്‍ദേശമെന്ന് സമീറുദ്ദീന്‍ ഷാ തന്റെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, തികച്ചും വിജനമായ വ്യോമതാവളത്തിലാണ് അര്‍ധരാത്രിയോടെ സൈന്യം ചെന്നിറങ്ങിയത്. എവിടെയാണ് തങ്ങള്‍ക്ക് പോകാനുള്ള വാഹനങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ എല്ലാം ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി. കാര്യങ്ങള്‍ക്ക് ഗതിവേഗം വരണമെങ്കില്‍ മുഖ്യമന്ത്രി തന്നെ വിചാരിക്കണം. മാര്‍ച്ച് 1ന് പുര്‍ച്ചെ 2 മണിക്ക് ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് താന്‍ കയറിച്ചെന്നു. പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അവിടെയുണ്ടായിരുന്നു. വൈകി അത്താഴം കഴിക്കുകയായിരുന്ന ഇരുവരും തന്നെ ഭക്ഷണത്തിന് ക്ഷണിച്ചു. സൈനികരെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിന് അടിയന്തരമായി വേണ്ട കാര്യങ്ങള്‍ താന്‍ വിവരിച്ചു. മാര്‍ച്ച് 1ന് രാവിലെ 7 മണിയോടെ 3000 സൈനികര്‍ വ്യോമതാവളത്തില്‍ എത്തിയെങ്കിലും തങ്ങളെ കൊണ്ടു പോവാന്‍ അപ്പോഴും വാഹനങ്ങള്‍ എത്തിയിരുന്നില്ല. ഏറ്റവും നിര്‍ണായകമായ സമയമാണ് ഇതിലൂടെ സൈന്യത്തിന് നഷ്ടപ്പെട്ടത്. തുടര്‍ന്നങ്ങോട്ടുള്ള ഓരോ നീക്കങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ ഈ നിഷ്‌ക്രിയത്വം പ്രകടമായിരുന്നു. തികഞ്ഞ പക്ഷപാതിത്വത്തോടെയുള്ള പോലിസിന്റെ നീക്കങ്ങളും കൂടിയായപ്പോള്‍ ഒരു സംസ്ഥാനം മുഴുവന്‍ കത്തിയെരിഞ്ഞുവെന്ന് സമീറുദ്ദാന്‍ ഷാ വിവരിക്കുന്നു.ആയിരക്കണക്കിനാളുകളെ കുരുതിച്ചോരയില്‍ മുക്കിയ വംശഹത്യയുടെ അംബാസഡര്‍മാര്‍ ഇന്ന് ഇന്ദ്രപ്രസ്ഥം വാഴുമ്പോള്‍ മറന്നുകളയേണ്ട ഒരു ദുരന്തമായി ഗുജറാത്ത് വിട്ടുകളയാന്‍ മനുഷ്യസ്‌നേഹികള്‍ക്കാവില്ല. അഗ്‌നിനാളങ്ങള്‍ നക്കിയെടുക്കുമ്പോള്‍ ഗുജറാത്തിന്റെ തെരുവോരങ്ങളില്‍ നിന്നുയര്‍ന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളി നീതിബോധമുള്ളവരുടെ കാതുകളെ ഇന്നും കിടിലംകൊള്ളിക്കുകയാണ്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ചുട്ടുകൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സകിയാ ജഫ്രി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും പ്രതീക്ഷയിലാണ്; ചോരക്കറ പുരണ്ട കലാപ സൂത്രധാരന്റെ കൈകളില്‍ വിലങ്ങുവീഴുന്ന ഒരു നാള്‍ വരും.

Next Story

RELATED STORIES

Share it