Sub Lead

ഹരേന്‍ പാണ്ഡ്യ വധക്കേസ് പുനരന്വേഷിക്കണമെന്ന് മുന്‍ ഗുജറാത്ത് പോലിസ് ഓഫിസര്‍

ഭരണ കക്ഷിയിലെ ജനപ്രിയ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പാണ്ഡ്യയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ മോദി നടത്തിയിരുന്നു. 2002ലെ മുസ്‌ലിം വംശഹത്യ സംബന്ധിച്ച് അന്വേഷിച്ച സ്വതന്ത്ര ട്രിബ്യൂണലിന് മുന്നില്‍ പാണ്ഡ്യ ചില സത്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നുവെന്നതും വിഷയത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഹരേന്‍ പാണ്ഡ്യ വധക്കേസ് പുനരന്വേഷിക്കണമെന്ന് മുന്‍ ഗുജറാത്ത് പോലിസ് ഓഫിസര്‍
X

അഹ്മദ്ബാദ്: ബിജെപി നേതാവ് ഹരേന്‍ പാണ്ഡ്യയുടെ ദുരൂഹമായ മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യമാണെന്ന് കേസില്‍ നേരത്തേ അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥന്‍. നരേന്ദ്ര മോദിയുടെ 13 വര്‍ഷക്കാലത്തെ ഭരണത്തിനിടയ്ക്ക് നടന്ന വിശദീകരണമില്ലാത്ത എല്ലാ കൊലകളിലും ഏറ്റുമുട്ടലുകളിലും വച്ച് ഏറ്റവും സങ്കീര്‍ണമായതാണ് പാണ്ഡ്യയുടെ കൊലപാതകം. ഭരണ കക്ഷിയിലെ ജനപ്രിയ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പാണ്ഡ്യയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ മോദി നടത്തിയിരുന്നു. 2002ലെ മുസ്‌ലിം വംശഹത്യ സംബന്ധിച്ച് അന്വേഷിച്ച സ്വതന്ത്ര ട്രിബ്യൂണലിന് മുന്നില്‍ പാണ്ഡ്യ ചില സത്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നുവെന്നതും വിഷയത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

നഗരത്തിലെ ലോ ഗാര്‍ഡന് പുറത്ത് 2003 മാര്‍ച്ച് 26ന് പുലര്‍ച്ചെയാണ് പാണ്ഡ്യയുടെ മൃതദേഹം അദ്ദേഹത്തിന്റെ കാറിനകത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനത്തിരക്കേറിയ കവലയിലാണ് കാര്‍ കിടന്നതെങ്കിലും ആരും വെടിയൊച്ച കേട്ടില്ലെന്നതാണ് കൗതുകകരം. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരാള്‍ സാക്ഷി പറയാനെത്തിയെങ്കിലും വിശ്വാസ യോഗ്യമല്ലെന്ന് വ്യക്തമാക്കി ഒഴിവാക്കുകയായിരുന്നു.

12 മുസ്ലിംകളെയാണ് കേസ് അന്വേഷിച്ച സിബിഐ സംഭവത്തില്‍ പ്രതിചേര്‍ത്തത്. പ്രത്യേക ഭീകര വിരുദ്ധ കോടതി ഇവരെ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തു. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതി മുഴുവന്‍ പേരെയും വെറുതെവിട്ടുവെന്ന് മാത്രമല്ല, സിബിഐയുടെ അന്വേഷണ വീഴ്ച്ചയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്ന കാര്യം, നേരത്തേ കേസ് അന്വേഷിച്ചിരുന്ന വൈ എ ശെയ്ഖ് ചൂണ്ടിക്കാട്ടി. ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ അന്വേഷണം മുഴുവന്‍ കെട്ടിച്ചമച്ച രീതിയിലാണ് മുന്നോട്ടു പോയത്. കേസിന്റെ പേരില്‍ നിരവധി നിരപരാധികളെ പീഡിപ്പിക്കുകയും പൊതുമുതല്‍ പാഴാക്കുകയു ചെയ്തു- വൈ എ ശെയ്ഖ് പറഞ്ഞു.

പാണ്ഡ്യയുടെ മൃതദേഹത്തിന്റെ കിടപ്പ്, വെടിയുണ്ടയേറ്റ മുറിവിന്റെ രീതി, കാറില്‍ രക്തക്കറയുടെ അസാന്നിധ്യം തുടങ്ങിയ കാര്യങ്ങളൊന്നും സിബിഐ അന്വേഷണ ഫലത്തോട് ഒത്തുപോകുന്നില്ല. ഹൈക്കോടതിയുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് 2013ല്‍ ഉത്തരവിനെതിരേ അപ്പീല്‍ പോവുകയാണ് സിബിഐ ചെയ്തത്. കേസ് ഈ മാസം അവസാനം സുപ്രിംകോടതി വാദംകേള്‍ക്കാനിരിക്കുകയാണ്.

അതേ സമയം, സുഹ്‌റബുദ്ദീന്‍-പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് 2018 നവംബര്‍ 3ന് പ്രോസിക്യൂഷന്‍ സാക്ഷി അസം ഖാന്‍ നടത്തിയ വെളിപ്പെടുത്തല്‍ കേസിനെ കൂടുതല്‍ ദുരൂഹമാക്കുന്നുണ്ട്. പാണ്ഡ്യയെ കൊല്ലാന്‍ മുതിര്‍ന്ന ഗുജറാത്ത് പോലിസ് ഓഫിസര്‍ ഡിജി വന്‍സാര സുഹ്‌റബുദ്ദീന് ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്നാണ് അസം ഖാന്‍ കോടതിയെ അറിയിച്ചത്.


Next Story

RELATED STORIES

Share it