Sub Lead

'പോലിസ് നടപടി ഞെട്ടിക്കുന്നത്'; മിശ്രദമ്പതികളെ ഉടന്‍ വിട്ടയക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി

ദമ്പതികളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

പോലിസ് നടപടി ഞെട്ടിക്കുന്നത്; മിശ്രദമ്പതികളെ ഉടന്‍ വിട്ടയക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി
X

അഹമ്മദാബാദ്: മിശ്രവിവാഹം ചെയ്തതിന് ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത ദമ്പതികളെ ഉടന്‍ വിട്ടയയ്ക്കാന്‍ ഉത്തരവിട്ട് അഹമ്മദാബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പലംപൂര്‍ പോലിസ് ദമ്പതികളെ അന്യായമായി അറസ്റ്റ് ചെയ്തത്.

മിശ്രവിവാഹം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്ന ഇത്തരം നടപടികള്‍ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് സോണിയ ഗൊകാനിയും സംഗീത വിശേനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ദമ്പതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവിന്റെ സഹോദരന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നടപടി. ദമ്പതികളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ദമ്പതികളെ അറസ്റ്റ് ചെയ്ത പലംപൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസ് ഇന്‍സ്‌പെക്ടര്‍മാരുടെ നടപടി അന്വേഷിക്കാനും ഹൈക്കോടതി ഡിഐജിക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ മാസത്തില്‍ 30 വയസ്സായ മുസ്ലിം യുവാവ് 29കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സൂററ്റില്‍ ജോലി ചെയ്യുന്ന യുവാവും പെണ്‍കുട്ടിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്ന യുവതിയുടെ പിതാവ്, വീട്ടിലെ പണം കവര്‍ന്ന് യുവതി ഒളിച്ചോടിയെന്ന് പലംപൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പോലിസ് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനുവരി 18ന് മജിസ്‌ട്രേറ്റ് കോടതി ഇവരെ നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പിന്നാലെ യുവാവിന്റെ സഹോദരന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സൂററ്റിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സൂററ്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കാനും ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it