Sub Lead

മതപരിവര്‍ത്തന നിരോധന നിയമം: ഗുജറാത്തിലെ ആദ്യ കേസില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം

പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്നും, തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേസിലെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

മതപരിവര്‍ത്തന നിരോധന നിയമം: ഗുജറാത്തിലെ ആദ്യ കേസില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം
X

അഹമ്മദാബാദ്: മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ കുറ്റാരോപിതരായ മുഴുവന്‍ പേര്‍ക്കും ജാമ്യമനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും കുറ്റാരോപിതരും സംയുക്തമായി സമര്‍പ്പിച്ച ഒരു ഹരജിയില്‍ വാദം കേള്‍ക്കവേയാണ് എല്ലാ കുറ്റാരോപിതര്‍ക്കും ഗുജറാത്ത് ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

ഏഴു പേര്‍ പ്രതികളായ കേസില്‍ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. െൈഹക്കോടതി ജാമ്യം അനുവദിച്ചതോടെ തടവില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ക്ക് കൂടി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കും. എഫ്‌ഐആര്‍ റദ്ദ് ചെയ്യുന്നത് കോടതി പിന്നീട് തീരുമാനിക്കുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്നും, തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേസിലെ പരാതിക്കാരിയായ യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇയാളെയും കുടുംബാംഗങ്ങളെയും എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നിരുന്നാലും, തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും തങ്ങളുടെ വൈവാഹിക ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയില്‍ ദമ്പതികള്‍ പറഞ്ഞു.

ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കണോ വേണ്ടയോ എന്ന് ആദ്യം വ്യക്തമാക്കണമെന്ന് ഹരജിയില്‍ വാദം കേള്‍ക്കവേ കോടതി ആവശ്യപ്പെട്ടു. സ്ത്രീയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ജാമ്യം അനുവദിക്കുമെന്നും ദമ്പതികള്‍ക്ക് 15 ദിവസം ഒരുമിച്ച് താമസിക്കാമെന്നും അതിനുശേഷം എഫ്‌ഐആര്‍ റദ്ദാക്കണോ എന്ന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.

ജൂണ്‍ 15 നാണ് ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2013 ഭേദഗതി ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് വഡോദരയിലെ ഗോത്രി പോലിസ് സ്‌റ്റേഷനില്‍ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേസ്.

പ്രതികളില്‍ സ്ത്രീയുടെ ഭര്‍ത്താവ്, മാതാപിതാക്കള്‍, അമ്മായിയമ്മ, ഭര്‍ത്താവിന്റെ അമ്മാവന്‍, ഒരു കസിന്‍, ദമ്പതികളുടെ നിക്കാഹ് നിര്‍വഹിച്ച ഒരു മൗലവി എന്നിവരും ഉള്‍പ്പെടുന്നു. മാതാപിതാക്കള്‍ക്കും അമ്മായിയമ്മയ്ക്കും നേരത്തെ ജാമ്യം അനുവദിച്ചപ്പോള്‍, ഭര്‍ത്താവിനും അമ്മാവനും മൗലവിക്കും നാല് മാസത്തിലധികമായി തടവിലാണ്.

Next Story

RELATED STORIES

Share it