Sub Lead

ഐഎസ്ആര്‍ഒയുടെ ഇഒഎസ്-03 വിക്ഷേപണം പരാജയം

ഐഎസ്ആര്‍ഒയുടെ ഇഒഎസ്-03 വിക്ഷേപണം പരാജയം
X

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം പരാജയപ്പെട്ടു. ജിഎസ്എല്‍വി- എഫ് 10 വാഹനം ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇതോടെ ഇഒഎസ്- 03 ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല. ആദ്യ രണ്ടുഘട്ടം വിജയമായിരുന്നു. എന്നാല്‍, ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. മിഷന്‍ പൂര്‍ണവിജയമായിരുന്നില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചില തകരാറുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 5.43നാണ് വിക്ഷേപണം നടന്നത്. രണ്ടുതവണ മാറ്റിവച്ച വിക്ഷേപണമായിരുന്നു ഇത്. 2017നുശേഷം ആദ്യ വിക്ഷേപണ പരാജയം കൂടിയാണിത്. വിക്ഷേപണം വിജയകമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും മൂന്നാം ഘട്ടം പാളുകയായിരുന്നു.

വിക്ഷേപണ ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ബുധനാഴ്ച രാവിലെ ആരംഭിച്ചിരുന്നു. ഭൗമകേന്ദ്ര താല്‍ക്കാലിക ഭ്രമണപഥത്തിലേക്കാണ് ഇഒഎസ്-03യെ ജിഎസ്എല്‍വി- എഫ് 10 എത്തിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് ഉപഗ്രഹം അതിന്റെ പ്രൊപല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് അന്തിമ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തും. 51.70 മീറ്റര്‍ ഉയരമുള്ള ജിഎസ്എല്‍വി ഒരു ത്രീ സ്റ്റേജ് എന്‍ജിന്‍ റോക്കറ്റ് ആണ്. ആദ്യഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാമത്തേതില്‍ ദ്രാവക ഇന്ധനവും മൂന്നാമത്തേതില്‍ ക്രയോജനിക് എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.

24 മണിക്കൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇഒഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് 03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഇഒഎസ്- 3യുടെ പ്രധാന ജോലി. അഗ്രഭാഗം വളഞ്ഞുവരുന്ന ആകൃതിയിലുള്ള ഉപഗ്രഹം നാലുമീറ്റര്‍ വ്യാസമുള്ളതാണ്. ജിഎസ്എല്‍വിയുടെ 14ാമത് വിക്ഷേപണമായിരുന്നു ഇത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം അവസാന ഘട്ടത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് പ്രതിസന്ധിമൂലം വൈകിയ വിക്ഷേപണം ഈ വര്‍ഷം മാര്‍ച്ചില്‍ നിശ്ചയിച്ചെങ്കിലും സാധ്യമായില്ല. പ്രളയവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തല്‍സമയ നിരീക്ഷണം സാധ്യമാക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 03യുടെ വിക്ഷേപണം ഈ വര്‍ഷം മൂന്നാം പാദത്തിലുണ്ടാവുമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അടുത്തിടെ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it