Sub Lead

''കേന്ദ്രസര്‍ക്കാര്‍ മാറ്റത്തിന് തയ്യാറല്ല'': വധശിക്ഷയ്ക്ക് തൂക്കുകയറിന് പകരമുള്ള മാര്‍ഗങ്ങളോട് അവഗണനയെന്ന് സുപ്രിംകോടതി

കേന്ദ്രസര്‍ക്കാര്‍ മാറ്റത്തിന് തയ്യാറല്ല: വധശിക്ഷയ്ക്ക് തൂക്കുകയറിന് പകരമുള്ള മാര്‍ഗങ്ങളോട് അവഗണനയെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ വിഷം കുത്തിവച്ച് കൊല്ലാനുള്ള ഓപ്ഷന്‍ നല്‍കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രിംകോടതി. കാലത്തിന് അനുസരിച്ച് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു. തൂക്കിക്കൊല്ലണോ വിഷം കുത്തിവച്ച് കൊല്ലണോ എന്ന കാര്യത്തില്‍ തടവുകാരന് തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോടതി പറഞ്ഞു.

വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല്ലുന്നതിന് പകരം വിഷം കുത്തിവച്ച് കൊല്ലലോ വെടിവച്ച് കൊല്ലലോ വൈദ്യുതി കൊണ്ട് കൊല്ലുന്നതോ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. തൂക്കിക്കൊല്ലുന്നത് പ്രതിക്ക് കഠിനമായ വേദനയും കഷ്ടപ്പാടുമുണ്ടാക്കുമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തൂക്കിക്കൊല്ലുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന വേദന, മരിക്കാന്‍ വേണ്ട സമയം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. യുഎസിലെ 50ല്‍ 49 സംസ്ഥാനങ്ങളും തൂക്കിക്കൊല്ലല്‍ ഒഴിവാക്കിയെന്ന് ഹരജിക്കാരനായ അഡ്വ,. റിഷി മല്‍ഹോത്ര ഇന്ന് ചൂണ്ടിക്കാട്ടി. യുഎസില്‍ വിഷം കുത്തിവയ്ക്കലാണ് നടക്കുന്നത്. വിഷം കുത്തിവച്ചാല്‍ ഉടന്‍ മരിക്കും. എന്നാല്‍, തൂക്കിലേറ്റിയാല്‍ സമയമെടുക്കുന്നു. ശരീരം 40 മിനുട്ട് വരെ കയറില്‍ തൂക്കിയിടണമെന്നും റിഷി മല്‍ഹോത്ര ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാന്യമായ നടപടിക്രമത്തിലൂടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കുക, വേഗം ശിക്ഷ നടപ്പാക്കുക, തൂക്കിക്കൊല്ലല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക എന്നിവയാണ് ഹരജിക്കാരന്റെ ആവശ്യങ്ങള്‍.

Next Story

RELATED STORIES

Share it