Sub Lead

കെ എസ് ഷാന്‍ വധക്കേസ്: ജാമ്യത്തിനായി മൂന്നു പ്രതികള്‍ സുപ്രിംകോടതിയില്‍; പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍

കെ എസ് ഷാന്‍ വധക്കേസ്: ജാമ്യത്തിനായി മൂന്നു പ്രതികള്‍ സുപ്രിംകോടതിയില്‍; പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ മൂന്നു ആര്‍എസ്എസ്സുകാര്‍ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു. മൂന്നാം പ്രതി മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിമന്യു, നാലാം പ്രതി പൊന്നാട് കുന്നുമ്മേല്‍വേലി വീട്ടില്‍ സനന്ദ്, അഞ്ചാം പ്രതി കോമളപുരം ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അതുല്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഈ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും ഷാന്‍ കേസിലെ പ്രതികള്‍ പുറത്തിറങ്ങി സൈ്വരവിഹാരം നടത്തുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും സത്യവാങ്മൂലം പറയുന്നു.

2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ഷാന്‍ കേസിലെ ഏതാനും പ്രതികള്‍ക്ക് കീഴ്‌ക്കോടതി ജാമ്യം നല്‍കിയെങ്കിലും കൊലയില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഷാനിന്റെ കൊലപാതകം ബീഭല്‍സമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജാമ്യം റദ്ദായ അഞ്ചുപേരില്‍ മൂന്നു പേരാണ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആണെന്നും അവര്‍ രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനം ഉള്ളവര്‍ ആണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത ഉണ്ടെന്നും സത്യവാങ്മൂലം പറയുന്നു.

Next Story

RELATED STORIES

Share it