Sub Lead

പോലിസ് കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നു; പോലിസ് സ്‌റ്റേഷന് മുന്നില്‍ സമരവുമായി ഗോമതി

പോലിസ് കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതായി ആരോപിച്ച് പൊമ്പിളൈ ഒരുമൈ നേതാവും നല്ലതണ്ണി ബ്ലോക് മെംബറുമായ ഗോമതി പോലിസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.

പോലിസ് കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നു; പോലിസ് സ്‌റ്റേഷന് മുന്നില്‍ സമരവുമായി ഗോമതി
X
മൂന്നാര്‍: പോലിസ് കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതായി ആരോപിച്ച് പൊമ്പിളൈ ഒരുമൈ നേതാവും നല്ലതണ്ണി ബ്ലോക് മെംബറുമായ ഗോമതി പോലിസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. പൊലീസ് വീട്ടിലെത്തി തന്നെ തെറിവിളിക്കുകയും തൂങ്ങിച്ചാകാന്‍ പറയുകയും ചെയ്യുകയാണ് എന്നും അവര്‍ പറഞ്ഞു. മകനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് പോലിസ് പീഡനം. നിരന്തരം വ്യാജകേസുകള്‍ ചുമത്തി ഉപദ്രവിക്കുന്നതിന് പകരം തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണമന്നും ഗോമതി പറഞ്ഞു. നാളെ നടക്കാന്‍ പോകുന്ന വനിതാ മതിലിന് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും ഗോമതി പറഞ്ഞു.


'എനിക്കിനി കള്ളക്കേസുമായി പുറത്തുനില്‍ക്കാന്‍ കഴിയില്ല. എന്റെ പേരില്‍ മാസത്തില്‍ രണ്ട് കള്ളക്കേസ് ഇടുകയാണ് ഇവര്‍. എന്നെ പിടിച്ച് അകത്തിട്ടാല്‍ പിന്നെ എനിക്ക് സ്വസ്ഥമായി ജീവിക്കാം. ഇപ്പോഴവര്‍ സിം നശിപ്പിച്ചു എന്ന് പറഞ്ഞ് എനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്'. ഗോമതി പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കിയെന്ന് പറഞ്ഞാണ് ഞങ്ങളെ പോലിസ് പീഡിപ്പിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി പറയുന്നതിനൊന്നും സ്ഥിരത ഇല്ല. പെണ്‍കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തതാണോ ഞാന്‍ ചെയ്ത തെറ്റ്?, സിപിഎമ്മുകാരെ എതിര്‍ത്ത് സമരം ചെയ്തതാണോ ഞാന്‍ ചെയ്ത തെറ്റ്?. ഗോമതി ചോദിക്കുന്നു.


എന്നെ നിരന്തര പീഡിപ്പിക്കുന്ന സിപിഎം ഇതാ ഇപ്പോള്‍ വനിതാ മതിലുമായി രംഗത്തെത്തിയിരിക്കുന്നു. എന്നെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ വനിതാ മതിലിന് മുന്നില്‍ നടുറോട്ടില്‍ കുത്തിയിരിക്കും. വേറെ വഴിയില്ല. എപ്പോഴും കള്ളക്കേസിന്റെ പുറകേ പോകാന്‍ എനിക്ക് പറ്റില്ല. പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റെപ്പില്‍ കുത്തിയിരിക്കുകയാണ് ഞാനിപ്പോള്‍, ആര്‍ക്കും തടസ്സമുണ്ടാക്കാതെ മാറിനില്‍ക്കുകയാണ്. അല്ലെങ്കില്‍ ഇവിടെ കിടന്ന് തന്നെ ഞാന്‍ മരിക്കും. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഗോമതി പറഞ്ഞു. മൂന്നാര്‍ എസ്‌ഐ ഹരി കൈക്കൂലി വാങ്ങി പണിയെടുക്കകയാണെന്നും ഗോമതി ആരോപിച്ചു.


കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഗോമതിയുടെ മകന്‍ വിവേകിനെതിരെ പതിനാറുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് മൂന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ പോയി എസ്‌ഐയെ കാണുകയും ഗോമതി എംഎം മണിയെ എതിര്‍ത്തത് കൊണ്ടാണ് ഇങ്ങനെ കേസ് ഉണ്ടാക്കിയത് എന്നും മൊഴി നല്‍കിയെന്നും താന്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗോമതിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടി വീഡിയോ സന്ദേശം അയച്ചിരുന്നു എന്നും ഗോമതി പറഞ്ഞു. സിപിഎം കുടുംബമാണ് പെണ്‍കുട്ടിയുടേതെന്നും ഗോമതി പറഞ്ഞു. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പിന്തുണയില്ലാതെ സമരം നയിച്ച ഗോമതി നല്ലതണ്ണി ബ്ലോക് പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിനേയും തൊഴിലാളി സംഘടനകളേയും മാറ്റി നിര്‍ത്തി സമരത്തിന് നേതൃത്വം നല്‍കിയതിന് പോലിസിനെ ഉപയോഗിച്ച് പ്രതികാരം തീര്‍ക്കുകയാണ് സിപിഎമെന്നും ഗോമതി പറയുന്നു.




Next Story

RELATED STORIES

Share it