Sub Lead

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വന്‍തുക പിഴ; സ്വപ്‌നാ സുരേഷിന് ആറ് കോടി, ശിവശങ്കറിന് 50 ലക്ഷം

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വന്‍തുക പിഴ;  സ്വപ്‌നാ സുരേഷിന് ആറ് കോടി, ശിവശങ്കറിന് 50 ലക്ഷം
X

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് വന്‍തുക പിഴയീടാക്കി എക്‌സൈസ് വകുപ്പ്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍, കെ ടി റമീസ്, യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസയ്ന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി എന്നിവര്‍ക്ക് ആറുകോടി രൂപ വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ പിഴ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് 50 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ആകെ 44 പ്രതികളാണുള്ളത്. ഇതില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവിട്ടത്. മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ട്രൈബ്യൂണലിന് ഉത്തരവ് ശരിവയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്‌സില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയെന്നാണ് റിപോര്‍ട്ട്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജ് വഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കസ്റ്റംസ് പിഴ ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it