Sub Lead

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി ഇടപെട്ട് രക്ഷപെടുത്തി; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

മകളുടെ വിദേശത്തെ ബിസിനസ് തടസപ്പെടാതിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഇടപടെല്‍ എന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി ഇടപെട്ട് രക്ഷപെടുത്തി; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്
X

കൊച്ചി: മുഖ്യമന്ത്രിക്കും ശിവശങ്കറിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്.നിരോധിത സാറ്റ് ലൈറ്റ് ഫോണുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ കോണ്‍സുലര്‍ ജനറലിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയും ഓഫിസും ഇടപെട്ട് യാതൊരു ഗ്യാരന്റിയുമില്ലാതെ നിരുപാധികം രക്ഷപെടാന്‍ സഹായിച്ചെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മകളുടെ വിദേശത്തെ ബിസിനസ് തടസപ്പെടാതിരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഇടപടെല്‍ എന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

നെടുമ്പാശേരിയില്‍ ഒരു യുഎഇ പൗരന്‍ പിടിക്കപ്പെട്ടുവെന്നും നെടുമ്പാശേരി പോലിസിന്റെ കൈയ്യിലാണെന്ന് പറഞ്ഞ് കോണ്‍സുലേറ്റില്‍ ഫോണ്‍ ലഭിച്ചു. കോണ്‍സുലര്‍ ജനറല്‍ ഉടന്‍ തന്നെ തന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.തുടര്‍ന്ന് താന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ വിളിച്ചു വിവരം ധരിപ്പിച്ചു.10 മിനിറ്റിനു ശേഷം ശിവശങ്കര്‍ തന്നെ തിരിച്ചു വിളിച്ച് വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും നെടുമ്പാശേരിയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് വിവരം കൈമാറിയെന്നും പറഞ്ഞു.തുടര്‍ന്ന് കോണ്‍സുലേറ്റ് പി ആര്‍ ഒയെ നെടുമ്പാശേരിയിലേക്ക് അയച്ചു.അവരുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍സുലേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു ഗ്യാരന്റിയുമില്ലാതെ ഒരു അന്വേഷണവും നടത്താതെ അദ്ദേഹത്തെ രക്ഷപെടാന്‍ സഹായിച്ചുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

യുഎഇയില്‍ നിന്നും വന്നപ്പോഴല്ല മറിച്ച് മടങ്ങിപോകാന്‍ ശ്രമിക്കുമ്പോളാണ് യുഎഇ പൗരന്‍ പിടിയിലാകുന്നത് എന്നതാണ് ശ്രദ്ദേയമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.സ്വര്‍ണ്ണക്കടത്ത് എന്നു കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി എന്‍ ഐ എയെ ക്ഷണിച്ചു വരുത്തി അന്വേഷണം നടത്തിച്ച് യുഎപിഎ ചുമത്തി.അതേ സമയം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ അയാള്‍ കേരളത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്തതെന്ന് യാതൊരു വിധ അന്വേഷണവും നടത്താതെ ഒരു ഗ്യാരന്റിയുമില്ലാതെ കോണ്‍സുലര്‍ ജനറലിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷപെടുത്തിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അവരുടെ ഒരു പിടിയിലായ പൗരനെ രക്ഷപെടുത്താനാണ്. അത് ഇവരുടെ ഡ്യൂട്ടിയാണ്.പക്ഷേ പിടിയിലായ വ്യക്തി ഇവിടെ എന്ത് പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അന്വേഷിക്കാന്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വം ഉണ്ട്.തനിക്കറിയില്ല, തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നൊക്കെയുള്ള സ്ഥിരം മറുപടിക്കു പകരം ഇതിനെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.പ്രോട്ടോക്കോള്‍ ലംഘനം കുറ്റമല്ലെന്ന് കെ ടി ജലീലിന് തോന്നിയിട്ടുണ്ടാകും കാരണം അതിനേക്കാള്‍ വലിയ കുറ്റങ്ങള്‍ അല്ലേ ഇവിടെ നടക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

മകളുടെ യുഎഇയിലെ ബിസിനസിന് യാതൊരുവിധ തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനായിരുന്നു മുഖ്യമന്ത്രി സഹായിച്ചതെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.താന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം ചെറിയ സംഭവം മാത്രമാണെന്നും ഇനിയും കൂടതുല്‍ വെളിപ്പെടുത്തലുണ്ടാകും അതിനുള്ള തെളിവ് ശേഖരണം നടത്തിവരികയാണ്. ഏതറ്റംവരെയും താന്‍ പോകുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it