Sub Lead

മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി; നേതൃമാറ്റത്തിനൊരുങ്ങി ബിജെപി

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിനു പിന്നാലെയാണ് ബിജെപി നീക്കം.

മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി; നേതൃമാറ്റത്തിനൊരുങ്ങി ബിജെപി
X

മഡ്ഗാവ്: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതോടെ നേതൃമാറ്റ ആവശ്യവുമായി ബിജെപി നേതാക്കള്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിനു പിന്നാലെയാണ് ബിജെപി നീക്കം.

നേതൃമാറ്റ സൂചനയുമായി മുന്‍ ബിജെപി മന്ത്രിയും കോര്‍ കമ്മിറ്റി അംഗവുമായ ദയാനന്ദ് മന്ദ്രേക്കറാണ് രംഗത്തെത്തിയത്. മനോഹര്‍ പരീക്കറിന്റെ ആരോഗ്യം ദിവസം തോറും വഷളായി വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഉടന്‍ ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു മുഖ്യമന്ത്രി വേണം. മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കണമെങ്കില്‍ അതിനൊരു നേതൃത്വം വേണം-അദ്ദേഹം പറഞ്ഞു.

അതേ സമയം, സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ ഗോവയിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തീരുമാനം എടുക്കുമെന്ന് ഗോവ ബിജെപി വക്താവ് സന്ദേശ് സധാലെ പറഞ്ഞു.

അതിനിടെ, ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭ ഉടന്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. തങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ഗവര്‍ണര്‍ മൃദുല സിന്‍ഹയ്‌ക്കെഴുതിയ കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസ മരിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സുഭാഷ് ശിരോദ്കര്‍, ദയാനന്ദ് സോപ്‌തെ എന്നീ എംഎല്‍എമാര്‍ നേരത്തേ രാജിവച്ചിരുന്നു. ഇതോടെ 40 അംഗ സഭ 37 ആയി ചുരുങ്ങി. 13 എംഎല്‍എമാര്‍ ഉള്ള കോണ്‍ഗ്രസാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. പരീക്കര്‍ ഉള്‍പ്പെടെ ബിജെപിക്ക് 13 എംഎല്‍എമാരാണുള്ളത്. ഗോവ ഫേര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എന്നിവയുടെ മൂന്ന് വീതം എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. നേതൃമാറ്റത്തിന് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി പദവിക്ക് അവകാശവാദവുമായി ഘടക കക്ഷികള്‍ രംഗത്തെത്തുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.

Next Story

RELATED STORIES

Share it